സെക്യൂരിറ്റി ഉദ്യോഗസ്ഥരായി ചമഞ്ഞ് കൊണ്ട് ഫോൺ കാളുകളിലൂടെയും മറ്റും പലതരത്തിലുള്ള തട്ടിപ്പുകൾ നടത്തുന്നവരെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2023 നവംബർ 13-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫോൺ കാളുകൾ, സന്ദേശങ്ങൾ, മറ്റു ഇലക്ട്രോണിക് ആശയവിനിമയ സംവിധാനങ്ങൾ മുതലായവ ദുരുപയോഗം ചെയ്ത് കൊണ്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താൻ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് കുവൈറ്റിന് വെളിയിൽ നിന്നാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് ഫോൺകാളുകൾ, സന്ദേശങ്ങൾ എന്നിവ ലഭിക്കുന്നവർ ഉടൻ തന്നെ അക്കാര്യം സുരക്ഷാ അധികൃതരെ അറിയിക്കാൻ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.