രാജ്യത്ത് 2024 ജനുവരി 9 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ജനുവരി 5-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, 2024 ജനുവരി 6 ശനിയാഴ്ച്ച വൈകീട്ട് മുതൽ ജനുവരി 9, ചൊവ്വാഴ്ച്ച രാവിലെ വരെ ഒമാന്റെ വിവിധ മേഖലകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ മൂലം വിവിധ ഇടങ്ങളിൽ വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ട്.
ഈ കാലയളവിൽ അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ഇടിയോട് കൂടിയ ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റ് എന്നിവ അനുഭവപ്പെടാനിടയുണ്ട്. സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ, അൽ ദാഖിലിയ. മസ്‌കറ്റ്, സൗത്ത് അൽ ബതീന തുടങ്ങിയ മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.