സൗദി അറേബ്യ: വിദേശ നിക്ഷേപകർക്കായി പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങൾ പ്രഖ്യാപിച്ചു

GCC News

രാജ്യത്ത് നിക്ഷേപം നടത്തുന്നതിനും, വസ്തുക്കൾ വാങ്ങുന്നതിനും താത്പര്യമുള്ള വിദേശികളെ ലക്ഷ്യമിടുന്ന അഞ്ച് പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങൾ സംബന്ധിച്ച് സൗദി അറേബ്യ പ്രഖ്യാപനം നടത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്‌.

അർഹരായ വിദേശികൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്തിക്കൊണ്ട് റെസിഡൻസി പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്. ഇത്തരം വിഭാഗങ്ങൾക്ക് വിസ അനുവദിക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം.

ഈ തീരുമാന പ്രകാരം താഴെ പറയുന്ന പുതിയ പ്രീമിയം റെസിഡൻസി വിഭാഗങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്:

  • സ്പെഷ്യൽ ടാലന്റ് വിഭാഗം – ആരോഗ്യ പരിചരണ മേഖല, ശാസ്ത്രം, ഗവേഷണം മുതലായ മേഖലകളിലെ പ്രൊഫഷനലുകളെയും, എക്സിക്യൂട്ടീവുകളെയും ലക്ഷ്യമിടുന്നു.
  • ഗിഫ്റ്റഡ് വിഭാഗം – സാംസ്‌കാരിക, കായിക മേഖലകളിൽ കഴിവ് തെളിയിച്ച പ്രൊഫഷനലുകളെ ലക്ഷ്യമിടുന്നു.
  • ഇൻവെസ്റ്റർ വിഭാഗം – സൗദി അറേബ്യയിൽ നിക്ഷേപം നടത്തുന്നതിന് ലക്ഷ്യമിടുന്നവർക്ക്.
  • എൻറ്റ്റപ്രനർ വിഭാഗം – സൗദി അറേബ്യയിൽ സ്റ്റാർട്ടപ്പുകൾ ഉൾപ്പടെയുള്ള വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നൂതന ആശയങ്ങളും, കഴിവുകളും ഉള്ളവർക്കായി.
  • റിയൽ എസ്റ്റേറ്റ് ഓണർ വിഭാഗം – സൗദി അറേബ്യയിൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടി സ്വന്തമായുള്ളവരെ ലക്ഷ്യമിടുന്നു.

മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവർക്ക് സൗദി അറേബ്യയിൽ താമസിക്കുന്നതിനും, ജോലി ചെയ്യുന്നതിനും അനുമതി നൽകുന്ന റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനായി ഈ പ്രീമിയം റെസിഡൻസി ഉപയോഗപ്പെടുത്താവുന്നതാണ്. ഇവർക്ക് പ്രവാസി ഫീസുകൾ, ആശ്രിത ഫീസുകൾ മുതലായവ ഒഴിവാക്കി നൽകുന്നത് ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.

ഇത്തരം റെസിഡൻസി പെര്മിറ്റുകൾക്ക് അപേക്ഷിക്കുന്നതിന് 4000 റിയാൽ ഒറ്റത്തവണ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം റെസിഡൻസി പെർമിറ്റ് ലഭിക്കുന്നവർക്ക് സ്പോൺസർ ഇല്ലാതെ സൗദി അറേബ്യയിൽ ബിസിനസ് നടത്തുന്നതിനും, റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതിനും അനുമതിയുണ്ടായിരിക്കുന്നതാണ്. ഇത്തരക്കാർക്ക് മക്ക, മദീന, അതിർത്തി പ്രദേശങ്ങൾ എന്നിവ ഒഴികെയുള്ള സൗദി അറേബ്യയുടെ മറ്റു എല്ലാ പ്രദേശങ്ങളിലും റെസിഡൻഷ്യൽ, കൊമേർഷ്യൽ, ഇൻഡസ്ട്രിയൽ റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ സ്വന്തമാക്കാനാകുന്നതാണ്.

ഇത്തരക്കാർക്ക് ഒരു വർഷത്തേക്കോ, സമയപരിധി ഇല്ലാതെയോ സൗദി അറേബ്യയിൽ താമസിക്കുന്നതിനുള്ള രണ്ട് വ്യത്യസ്ത പാക്കേജുകൾ ലഭ്യമാണ്. ഒരു വർഷത്തേക്കുള്ള പാക്കേജിന് ഒരു ലക്ഷം റിയാലും, അൺലിമിറ്റഡ് പാക്കേജിന് എട്ട് ലക്ഷം റിയലുമാണ് ഈടാക്കുന്നത്.