2024-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നതിനുള്ള നുസൂക് പിൽഗ്രിം കാർഡ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പുറത്തിറക്കി. 2024 ഏപ്രിൽ 30-നാണ് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ ഏപ്രിൽ 30-ന് നുസൂക് പിൽഗ്രിം കാർഡിന്റെ കോപ്പി ഇന്തോനേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി യാക്കുത് ചോലിൽ ഖോമാസിന് കൈമാറിക്കൊണ്ട് ഈ കാർഡ് പുറത്തിറക്കി.
ഹജ്ജ് തീർത്ഥാടനം കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ കാർഡ് പുറത്തിറക്കിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണിത്.
അനധികൃതമായ രീതിയിലുള്ള ഹജ്ജ് തീർത്ഥാടനം തടയുന്നതിനും ഇത്തരം കാർഡുകൾ സഹായിക്കുന്നു. ഈ സ്മാർട്ട് കാർഡ് വിവിധ മേഖലകളിൽ സ്വയമേവ തിരിച്ചറിയുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇത് പെർമിറ്റുള്ള തീർത്ഥാടകരെ എളുപ്പത്തിൽ തിരിച്ചറിയുന്നതിന് ജീവനക്കാരെ സഹായിക്കുന്നു.
നുസൂക് പിൽഗ്രിം കാർഡ് പ്രിന്റ് ചെയ്ത കാർഡിന്റെ രൂപത്തിലും, ഡിജിറ്റൽ രൂപത്തിലും ലഭ്യമാക്കുന്നതാണ്. പ്രിന്റ് ചെയ്ത കാർഡുകൾ ഹജ്ജ് സേവനദാതാക്കളിൽ നിന്നും, ഡിജിറ്റൽ കാർഡ് നുസൂക്, തവകൽന ആപ്പ് എന്നിവയിൽ നിന്നും ലഭിക്കുന്നതാണ്. തീർത്ഥാടകരുടെ സ്വകാര്യ വിവരങ്ങൾ, അഡ്രസ്, ഹെൽത്ത് റെക്കോർഡുകൾ തുടങ്ങിയ വിവരങ്ങൾ ഈ കാർഡിൽ രേഖപ്പെടുത്തുന്നതാണ്.
ആഭ്യന്തര തീർത്ഥാടകരും, വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകരും വിശുദ്ധ ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തങ്ങളുടെ കൈവശം ഈ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.