ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് നിവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2024 മെയ് 4, ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതോടെ മെയ് 4 മുതൽ മക്കയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്നവർക്ക് പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. ഇത്തരം പെർമിറ്റുകളില്ലാത്ത നിവാസികളെ മക്കയിലേക്കുള്ള റോഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റി ചെക്ക്-പോയിന്റുകളിൽ നിന്ന് മടക്കി അയക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. മക്കയിലേക്കുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾ ലഭിച്ചിട്ടുള്ളവർക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.