യു എ ഇ: പരിസ്ഥിതി സംരക്ഷണ മേഖലയിൽ സ്തുത്യർഹമായ സേവനങ്ങൾ നൽകിയിട്ടുള്ളവർക്ക് 10 വർഷത്തെ വിസ

featured GCC News

പരിസ്ഥിതി സംരക്ഷണ മേഖലയിൽ പ്രശംസനീയമായ സേവനങ്ങൾ നൽകിയിട്ടുള്ള വ്യക്തികൾക്കായുള്ള 10 വർഷത്തെ കാലാവധിയുള്ള ബ്ലൂ റെസിഡൻസി വിസ സംബന്ധിച്ച് യു എ ഇ പ്രഖ്യാപനം നടത്തി. 2024 മെയ് 15-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

പരിസ്ഥിതി സംരക്ഷണത്തിനായി സ്തുത്യർഹമായ പരിശ്രമങ്ങൾ നടത്തിയിട്ടുള്ളവർക്കും, ഈ മേഖലയിൽ പ്രശംസനീയമായ സേവനങ്ങൾ നൽകിയിട്ടുള്ളവർക്കുമായാണ് ബ്ലൂ റെസിഡൻസി വിസ അവതരിപ്പിക്കുന്നത്.

അബുദാബിയിലെ ഖസ്ർ അൽ വതനിൽ വെച്ച് നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ വിസ സംബന്ധിച്ച തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നൽകി. 2024-നെ സുസ്ഥിരതയുടെ വർഷമായി ആചരിക്കാനുള്ള യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഉത്തരവിന് അടിവരയിടുന്നതാണ് ഈ തീരുമാനമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

സമുദ്ര, കര ആവസവസ്ഥകളിൽ പരിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾ, അന്തരീക്ഷ മലിനീകരണം തടയുന്നതിനും, വായുവിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുമായി അസാധാരണമായ പരിശ്രമങ്ങൾ നടത്തിയിട്ടുള്ള വ്യക്തികൾ, സുസ്ഥിരതയിലൂന്നിയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള വ്യക്തികൾ തുടങ്ങിയ വിഭാഗങ്ങൾക്കായിരിക്കും ഈ പത്ത് വർഷത്തെ ബ്ലൂ റെസിഡൻസി വിസകൾ അനുവദിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.