ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസ് ആദ്യ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകും

featured GCC News

ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പിന് 2025-ൽ സൗദി അറേബ്യ വേദിയാകുമെന്ന് ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (IOC) പ്രഖ്യാപിച്ചു. 2024 ജൂലൈ 12-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി ഒളിമ്പിക് ആൻഡ് പാരാലിമ്പിക് കമ്മിറ്റിയുമായി (SOPC) ചേർന്നാണ് IOC ഇത് നടപ്പിലാക്കുന്നത്. ഇതിനായി 12 വർഷത്തെ കാലാവധിയുളള ഒരു പങ്കാളിത്ത കരാറിൽ ഇരുകൂട്ടരും ഒപ്പ് വെച്ചിട്ടുണ്ട്.

ഇത് പ്രകാരം, സൗദി അറേബ്യയിൽ വെച്ച് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ ആദ്യ പതിപ്പ് 2025-ൽ നടത്തുന്നതിനും, തുടർന്ന് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ തുടർപതിപ്പുകൾ നടത്തുന്നതിനും ഇരുകൂട്ടരും ധാരണയിലെത്തിയിട്ടുണ്ട്. 2025-ൽ സൗദി അറേബ്യയിൽ വെച്ച് ഇ-സ്പോർട്സ് ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പ് നടത്തുന്നതിനുള്ള അംഗീകാരം പാരിസിൽ വെച്ച് നടക്കുന്ന IOC-യുടെ 143-മത് യോഗത്തിൽ അവതരിപ്പിക്കുന്നതിനായി അയച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

പാരീസ് ഒളിംപിക്‌സിന്റെ പശ്ചാത്തലത്തിലാണ് ഈ യോഗം നടക്കുന്നത്. ഒളിമ്പിക്സ് ഗെയിംസിന്റെ പ്രഥമ പതിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ യോഗത്തിന് ശേഷം പുറത്ത് വിടുന്നതാണ്.