2024 ഡിസംബറിൽ അൽ ഐൻ സിറ്റിയിൽ നടക്കാനിരിക്കുന്ന ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ഒരുക്കങ്ങളുടെ ഭാഗമായി 2024 നവംബർ 1 വെള്ളിയാഴ്ച മുതൽ അൽ ഐൻ സിറ്റിയിൽ വിമാനങ്ങളും, കവചിത വാഹനങ്ങളും മൂലമുണ്ടാകുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങളും വർദ്ധിച്ച പ്രവർത്തനങ്ങളും പ്രതീക്ഷിക്കാമെന്ന് പ്രതിരോധ മന്ത്രാലയം പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെയും പൗരന്മാരെയും, നിവാസികളെയും സംരക്ഷിക്കാനുള്ള യു എ ഇ സായുധ സേനയുടെ അർപ്പണബോധവും വിപുലമായ കഴിവുകളും പ്രതിഫലിപ്പിക്കുന്ന ഒരു അതുല്യമായ ലൈവ് ഷോകേസ് നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യത്തിൻ്റെ പൗരന്മാരുടെയും സായുധ സേനാംഗങ്ങളുടെയും അഭിമാനം ഉയർത്തുക, സൈനിക വൈദഗ്ധ്യവും സാങ്കേതികവിദ്യകളും ഉയർത്തിക്കാട്ടുക, പ്രതിരോധ മന്ത്രാലയം, സുരക്ഷാ ഏജൻസികൾ, യു എ ഇയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നിവയാണ് ഈ സൈനിക പരേഡ് കൊണ്ട് ലക്ഷ്യമിടുന്നത്.
അൽ ഐൻ സിറ്റിയിൽ നിന്നോ, പ്രധാന പ്ലാറ്റ്‌ഫോമിൻ്റെയും ഇവൻ്റ് ഏരിയയുടെയും ഇരുവശത്തും സ്ഥാപിച്ചിരിക്കുന്ന വലിയ സ്‌ക്രീനുകൾ വഴിയോ പൊതുജനങ്ങൾക്ക് ഈ പരേഡ് നേരിട്ട് ആസ്വദിക്കാൻ കഴിയുന്നതാണ്.
WAM