ഒമാൻ: മസ്കറ്റ് നാഷണൽ മ്യൂസിയത്തിൽ പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു

featured GCC News

മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ എന്ന ഒരു പ്രത്യേക സ്റ്റാമ്പ് പ്രദർശനം ആരംഭിച്ചു. 2024-ലെ അറബ് ടൂറിസം തലസ്ഥാനമായി സുർ തിരഞ്ഞെടുക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്റ്റാമ്പ് പ്രദർശനം.

സൗത്ത് അൽ ശർഖിയ ഗവർണർ H.E. ഡോ. യഹ്യ ബദ്ർ അൽ മവാലിയുടെ കാർമികത്വത്തിലാണ് ഈ പ്രദർശനം ഉദ്ഘാടനം ചെയ്തത്. സുർ മേഖലയുടെ ഉജ്ജ്വലമായ ചരിത്രം, സംസ്കാരം എന്നിവ രേഖപ്പെടുത്തുന്ന സ്റ്റാമ്പുകൾ ഈ പ്രദർശനത്തിലെത്തുന്ന സന്ദർശകർക്ക് നേരിട്ട് കാണാവുന്നതാണ്.

‘സുർ ഇൻ ദി മെമ്മറി ഓഫ് പോസ്റ്റേജ് സ്റ്റാമ്പ്‌സ്’ സ്റ്റാമ്പ് പ്രദർശനം 2024 നവംബർ 14 വരെ തുടരും. സുർ മേഖലയിലെ ചരിത്ര സംഭവങ്ങൾ, നേട്ടങ്ങൾ തുടങ്ങിയവ അടയാളപ്പെടുത്തുന്ന 16 വ്യത്യസ്ത പ്രമേയങ്ങളിലുള്ള സ്റ്റാമ്പുകൾ ഈ പ്രദർശനത്തിലുണ്ട്.

ഫ്രെണ്ട്സ് ഓഫ് ഒമാൻ മ്യൂസിയം അംഗവും, സൗത്ത് അൽ ശർഖിയയിലെ സ്‌കൂളിലെ അറബിക് ഭാഷാ സൂപ്പർവൈസറുമായ അബ്ദുല്ല സൈദ് അൽ സാദിയുടെ ശേഖരത്തിലുള്ളവയാണ് ഈ പോസ്റ്റൽ സ്റ്റാമ്പുകൾ. പരമ്പരാഗത ഒമാനി കപ്പലുകൾ പ്രമേയമാക്കിയിട്ടുളള 1996-ലെ സ്റ്റാമ്പ്, 2001-ൽ പുറത്തിറക്കിയ ‘സൂറി ഡാഗർ’ സ്റ്റാമ്പ്, ഒമാനി അഫ്‌ലാജ് സ്റ്റാമ്പ്, ഒമാനി മാനുസ്ക്രിപ്ട് സ്റ്റാമ്പ്, ഒമാനി സ്ക്രിപ്റ്റിംഗ് സ്റ്റാമ്പ് തുടങ്ങിയവ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.