ഹ്രസ്വകാല ഓൺലൈൻ കോഴ്സുമായി അസാപ്

Notifications

കോവിഡ് 19 വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട സാഹചര്യത്തിൽ ഹ്രസ്വകാല ഓൺലൈൻ പരിശീലന കോഴ്സുകളുമായി ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള അഡിഷണൽ സ്‌കിൽ അക്ക്വിസിഷൻ പ്രോഗ്രാം (അസാപ്).

ലോക്ക് ഡൗൺ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും അവർക്ക് തൊഴിൽ മേഖലകളെക്കുറിച്ച് അറിയുന്നതിനും അഭിരുചിക്കിണങ്ങിയ ആധുനിക സാങ്കേതിക വിദ്യകളിലുള്ള ഹ്രസ്വകാല പരിശീലന കോഴ്സുകളിലാണ് ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള അവസരം അസാപ് ഒരുക്കുന്നത്.

സയൻസ്, കോമേഴ്‌സ്, ആർട്സ്, എൻനീയറിങ് തുടങ്ങി ഏഴ് വിഭാഗങ്ങളിലാണ് ഹ്രസ്വകാല കോഴ്സുകൾ നടത്തുന്നത്. കൂടാതെ വിവിധ വിഷയങ്ങളിൽ ബിരുദ – ബിരുദാനന്തര യോഗ്യതയുള്ളവർക്ക് അനുയോജ്യമായതും വ്യവസായ രംഗത്ത് തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുമുള്ള വിവിധ മേഖലകളിലെ സാധ്യതകളെ സംബന്ധിച്ച് അതാത് മേഖലകളിൽ നിന്നുള്ള വിദഗ്ധർ അസാപിന്റെ ഓൺലൈൻ വെബിനാർ പ്ലാറ്റ്ഫോമിലൂടെ ഉദ്യോഗാർത്ഥികളുമായി സംവദിക്കുകയും ചെയ്യും.

എല്ലാദിവസവും രാവിലെ 11 നും ഉച്ചകഴിഞ്ഞ് നാലിനും വിവിധ വിഷയങ്ങളിൽ വെബിനാർ ഉണ്ടായിരിക്കും. മാർച്ച് 31ന് ആരംഭിച്ച വെബിനാർ പരമ്പരയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഇതോടൊപ്പം സൗജന്യമായി വിവിധ വിഷയങ്ങളിൽ ഹ്രസ്വകാല കോഴ്സുകളും ലഭ്യമാക്കുന്നുണ്ട്.

വിശദവിവരങ്ങൾക്ക് www.asapkerala.gov.in / www.skillparkkerala.in എന്നീ വെബ് സൈറ്റുകൾ സന്ദർശിക്കുക.