ഒമാൻ: ഗതാഗത നിയമങ്ങളിലെ ലംഘനങ്ങൾ പോലീസ് സംവിധാനങ്ങളുമായി ബന്ധപ്പെടുത്താൻ തീരുമാനം

featured GCC News

രാജ്യത്ത് നടക്കുന്ന ഗതാഗത നിയമങ്ങളിലെ ലംഘനങ്ങൾ റോയൽ ഒമാൻ പോലീസ് (ROP), ഒമാൻ തൊഴിൽ മന്ത്രാലയം എന്നിവയുടെ സംവിധാനങ്ങളുമായി ബന്ധപ്പെടുത്താൻ തീരുമാനം. ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നൊളജിയാണ് (MTCIT) ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ ലാൻഡ് ട്രാൻസ്‌പോർട് നിയമങ്ങളിലെ ലംഘനങ്ങൾ റോയൽ ഒമാൻ പോലീസ് (ROP), ഒമാൻ തൊഴിൽ മന്ത്രാലയം എന്നിവയുടെ വിവര സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതാണ്.

2025 ഫെബ്രുവരി 15 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്. ഗതാഗത മേഖലയിലെ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും, ഈ മേഖലയിൽ കൂടുതൽ ശക്തമായ നിയന്ത്രണ സംവിധാനങ്ങൾ ഉറപ്പാക്കാനുമാണ് ഈ തീരുമാനം.

ലാൻഡ് ട്രാൻസ്‌പോർട് സംവിധാനങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ എത്രയും വേഗം തീർപ്പാക്കാൻ MTCIT പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനായി ഒരു മാസത്തെ ഇളവ് കാലാവധിയും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സമയത്തിനുള്ളിൽ ഇത്തരം നിയമലംഘനങ്ങൾ ഒത്ത് തീർപ്പാക്കാത്തവർക്ക് തങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് ഉൾപ്പടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.