ബഹ്‌റൈൻ: സ്മാർട്ട് ടാക്സി മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കി

GCC News

രാജ്യത്തെ ടാക്സി വാഹനങ്ങളിൽ സ്മാർട്ട് ടാക്സി മീറ്ററുകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കിയതായി ബഹ്‌റൈൻ ഗതാഗത മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈൻ ട്രാൻസ്പോർട്ടേഷൻ ആൻഡ് ടെലികമ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ട്രാൻസ്‌പോർട് ആൻഡ് പോസ്റ്റ് അഫയേഴ്‌സ് വിഭാഗം അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദയീനാണ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈനിലെ ലാൻഡ് ട്രാൻസ്പോർട്ടേഷൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ടാക്സി ഡ്രൈവർമാർക്കും, യാത്രികർക്കും, സന്ദർശകർക്കും ഈ തീരുമാനത്തിലൂടെ കൂടുതൽ മികച്ചതും, സുതാര്യവുമായ സേവനങ്ങൾ ഉറപ്പാക്കാനാകുന്നു. ഇത്തരം സ്മാർട്ട് ടാക്സി മീറ്ററുകളിലൂടെ കൃത്യമായ ഡ്രൈവർ വിവരങ്ങൾ, ട്രിപ്പ് വിവരങ്ങൾ, റൂട്ട് വിവരങ്ങൾ, ടാക്സി വാടക, ടാക്സി നിരക്കുകൾ മുതലായവ ഉറപ്പ് വരുത്താനാകുമെന്ന് ഫാത്തിമ അബ്ദുല്ല അൽ ദയീൻ വ്യക്തമാക്കി.

ടാക്സി നിരക്കുകൾ സ്വയമേവ കണക്കുകൂട്ടുന്നതും, ഇ-ഹെയ്‌ലിംഗ് ആപ്പുകളിൽ സ്മാർട്ട് മാപ്പുകളുമായി സംയോജിപ്പിക്കുന്നതും ഉൾപ്പടെയുള്ള സേവനങ്ങൾ ഈ മീറ്ററിൽ ലഭ്യമാണ്. ഇതോടൊപ്പം ഇവയെ ഭാവിയിൽ ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിനും സാധിക്കുന്നതാണ്.