ഒമാൻ: മസ്കറ്റ് മെട്രോ പദ്ധതി സംബന്ധിച്ച പഠനം ഈ വർഷം ആരംഭിക്കും

GCC News

മസ്കറ്റ് മെട്രോ പദ്ധതി സംബന്ധിച്ച വിശദമായ പഠനം ഈ വർഷം ആരംഭിക്കും. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി H.E. എൻജിനീയർ സയീദ് ബിൻ ഹമൗദ് ബിൻ സയീദ് അൽ മവാലിയാണ് ഇക്കാര്യം അറിയിച്ചത്. നിർദിഷ്ട മെട്രോ പദ്ധതി അമ്പത് കിലോമീറ്ററിലധികം ദൈർഘ്യമുള്ളതായിരിക്കുമെന്നും ഇതിന് കീഴിൽ മുപ്പത്താറ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സുൽത്താൻ ഹൈതം സിറ്റി മുതൽ റുവി മേഖലവരെ സർവീസ് നടത്തുന്ന രീതിയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഗ്രേറ്റർ മസ്കറ്റ് വികസന നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന മസ്കറ്റ് മെട്രോ പദ്ധതിയുടെ മൂല്യം 2.6 ബില്യൺ ഡോളറാണ്.