സൗദി അറേബ്യ: ജനുവരി 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 27, തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2025 ജനുവരി 23-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, 2025 ജനുവരി 23 മുതൽ ജനുവരി 27 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം വിവിധ മേഖലകളിൽ പെട്ടന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശക്തമായ മഴയ്‌ക്കൊപ്പം ശക്തമായ കാറ്റ്, ആലിപ്പഴം പൊഴിയൽ, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. മക്ക, റിയാദ്, അൽ ബാഹ, അസീർ, ജസാൻ, ഈസ്റ്റേൺ റീജിയൻ, ഖാസിം, ഹൈൽ, അൽ ജൗഫ്, നോർത്തേൺ ബോർഡേഴ്സ് തുടങ്ങിയ മേഖലകളിൽ മഴ ശക്തമാകും.

താഴ്വരകൾ, തടാകങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നിർദ്ദേശിച്ചിട്ടുണ്ട്. ജലാശയങ്ങളിലും, താഴ്വരകളിലെ അരുവികളും നീന്താൻ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചിട്ടുണ്ട്.

അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.