രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സൗദി അറേബ്യ മാറ്റങ്ങൾ വരുത്തി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ തീരുമാനം 2025 ഫെബ്രുവരി മാസം മുതൽ പ്രാബല്യത്തിൽ വന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസവാവധി, ഓവർടൈം, തൊഴിൽ വിവേചനം, പിരിച്ച് വിടൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലാണ് ഭേദഗതി ചെയ്തിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട താഴെ പറയുന്ന മാറ്റങ്ങളാണ് സൗദി അറേബ്യയിൽ നടപ്പിലാക്കുന്നത്:
- സ്ത്രീ ജീവനക്കാരുടെ പ്രസവാവധി 10 ആഴ്ചയിൽ നിന്ന് 12 ആഴ്ചയായി ഉയർത്തും.
- വിവാഹം, ജീവിതപങ്കാളിയുടെ മരണം എന്നിവയുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് അഞ്ച് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
- നിശ്ചിത കാലാവധി കൂടാതെയുള്ള തൊഴിൽ കരാറുള്ള ഒരു ജീവനക്കാരനെ പിരിച്ച് വിടുന്നതിനുള്ള മുൻകൂർ നോട്ടീസ് കാലാവധി പിരിഞ്ഞ് പോകുന്നതിന് ജീവനക്കാർ ആവശ്യപ്പെടുന്ന സാഹചര്യത്തിൽ മുപ്പത് ദിവസമായും, തൊഴിലുടമ പിരിച്ച് വിടുന്ന അവസരത്തിൽ അറുപത് ദിവസമായും നിശ്ചയിച്ചിട്ടുണ്ട്.
- അവധിദിനങ്ങളിൽ (ഈദ് അടക്കമുള്ള അവസങ്ങൾ ഉൾപ്പടെ) തൊഴിലെടുക്കുന്നത് ഓവർടൈം മണിക്കൂറുകളിൽ ഉൾപ്പെടുത്തുന്നതാണ്.
- തൊഴിലുടമകളുടെ ഭാഗത്ത് നിന്നുള്ള വർണ്ണം, വർഗം, ലിംഗം, സാമൂഹിക പശ്ചാത്തലം തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയുള്ള യാതൊരുതരത്തിലുമുള്ള വിവേചനങ്ങളും അനുവദിക്കുന്നതല്ല.