എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. 2025 ഫെബ്രുവരി 24-നാണ് ഷാർജ മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ, റമദാൻ മാസത്തിൽ, ശനി മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ, രാവിലെ 8 മണിമുതൽ അർദ്ധരാത്രി വരെയുള്ള സമയങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
പള്ളികളുടെ സമീപങ്ങളിൽ പ്രാർത്ഥനാ സമയങ്ങളിൽ സൗജന്യ പാർക്കിംഗ് ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ നേരത്തേക്ക് ഇത്തരം പാർക്കിംഗ് ഇടങ്ങൾ സൗജന്യമാക്കുന്നതാണ്.
പാർക്കിംഗ് സംബന്ധിച്ച വ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായി അധികൃതർ പ്രത്യേക പരിശോധനകൾ നടത്തുന്നതാണ്.