സൗദി: 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് താത്കാലികമായി നിർത്തലാക്കി

GCC News

ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്നത് സൗദി അറേബ്യ താത്കാലികമായി നിർത്തലാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2025 ഏപ്രിൽ 13 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യ, ഈജിപ്ത്, പാക്കിസ്ഥാൻ, യമൻ, ടുണീഷ്യ, മൊറോക്കോ, ജോർദാൻ, നൈജീരിയ, അൾജീരിയ, ഇന്തോനേഷ്യ, ഇറാക്ക്, സുഡാൻ, ബംഗ്ലാദേശ്, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹ്രസ്വകാല വിസ അനുവദിക്കുന്ന നടപടികളാണ് താത്കാലികമായി നിർത്തലാക്കുന്നത്.

ബിസിനസ് വിസിറ്റ് വിസ (സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി), ഇ-ടൂറിസ്റ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ഉൾപ്പടെയുള്ള എല്ലാ ഹ്രസ്വകാല വിസകൾക്കും ഈ തീരുമാനം ബാധകമാണ്. ഇത്തരം സാധുതയുള്ള ഹ്രസ്വകാല വിസകളുള്ള മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏപ്രിൽ 13 വരെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്.

ഹജ്ജ് സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി യാത്രകൾ നിയന്ത്രിക്കുന്നതിനായാണ് ഈ തീരുമാനം.