സൗദി അറേബ്യ: ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കും

GCC News

രാജ്യത്തെ ടൂറിസം മേഖലയിലെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി അധികൃതർ തീരുമാനിച്ചു. 2025 ഏപ്രിൽ 21-നാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം സൗദി അറേബ്യയിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ 41 തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ തീരുമാനം 2026 ഏപ്രിൽ 22 മുതൽ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.

സൗദി ടൂറിസം മന്ത്രാലയവുമായി ചേർന്നാണ് MHRSD ഈ തീരുമാനം നടപ്പിലാക്കുന്നത്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണിത്.

ഈ തീരുമാനത്തിന്റെ ഭാഗമായി ടൂറിസം മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിങ് ആൻഡ് ഡവലപ്മെന്റ് മാനേജർ, ടൂറിസം ഡവലപ്മെന്റ് സ്പെഷ്യലിസ്റ്, ടൂറിസ്റ്റ് ഗൈഡ് സ്പെഷ്യലിസ്റ്, ടൂറിസ്റ്റ് ഓർഗനൈസർ, ഹോട്ടൽ സ്പെഷ്യലിസ്റ്, സൈറ്റ് ഗൈഡ്, പർച്ചേസിംഗ് സ്പെഷ്യലിസ്റ്, സെയിൽസ് സ്പെഷ്യലിസ്റ്, ഹോട്ടൽ റിസപ്‌ഷനിസ്റ്റ് തുടങ്ങിയ തൊഴിൽപദവികളിലായിരിക്കും സ്വദേശിവത്കരണം നടപ്പിലാക്കുക.

താഴെ പറയുന്ന രീതിയിൽ മൂന്ന് ഘട്ടങ്ങളിലായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:

  • ആദ്യ ഘട്ടം – ഏപ്രിൽ 22, 2026-ന് ആരംഭിക്കും.
  • രണ്ടാം ഘട്ടം – ജനുവരി 3, 2027-ന് ആരംഭിക്കും.
  • മൂന്നാം ഘട്ടം – ജനുവരി 2, 2028-ന് ആരംഭിക്കും.