സൗദി അറേബ്യ: ഹജ്ജ് പെർമിറ്റ് ലംഘിക്കുന്നവർക്ക് മുന്നറിയിപ്പ്

GCC News

ഹജ്ജ് പെർമിറ്റ് സംബന്ധിച്ച നിയമലംഘനങ്ങൾക്ക് കനത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2025 മെയ് 1-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഔദ്യോഗിക പെർമിറ്റുകളില്ലാത്ത വ്യക്തികൾക്ക് ഹജ്ജ് തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതിയില്ലെന്നും, ഇത് ലംഘിക്കാൻ ശ്രമിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മന്ത്രാലയം മക്കയിലും മറ്റു പുണ്യസ്ഥാനങ്ങളിലും പ്രത്യേക സുരക്ഷാ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.

ഔദ്യോഗിക പെർമിറ്റുകളില്ലാതെ ഹജ്ജ് അനുഷ്ഠിക്കുന്നതിന് ശ്രമിക്കുന്നവരെയും, ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നതിന് സഹായിക്കുന്നവരെയും അറസ്റ്റ് ചെയ്യാൻ ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഹജ്ജ് പെർമിറ്റുകളില്ലാതെ ഹജ്ജ് അനുഷ്ഠിക്കാൻ ശ്രമിക്കുന്നവർക്ക് 20000 റിയാൽ വരെ പിഴ ചുമത്തുന്നതാണ്.

അനധികൃതമായി ഹജ്ജ് തീർത്ഥാടനം നടത്തുന്നതിന് സഹായിക്കുന്നവർക്കും, ഇത്തരത്തിൽ അനധികൃത താമസസൗകര്യങ്ങൾ നല്കുന്നവർക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുന്നതാണ്.