റെസിഡൻസി കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന പ്രവാസികളുടെ പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തത നൽകി. 2025 മെയ് 5-നാണ് ROP അധികൃതർ ഇത് സംബന്ധിച്ച ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയത്.
تابعت شرطة عمان السلطانية باهتمام ما تم تداوله حول الإعفاء من الغرامات والالتزامات المالية المسجلة على الأفراد وأصحاب العمل، وتوضح بأن الإعفاء يشمل الحالات المحددة التي أشار إليها إعلان وزارة العمل المعني بتصحيح الأوضاع وتسوية الغرامات والالتزامات المالية المسجلة على الأفراد… pic.twitter.com/56cHyQLpi7
— شرطة عُمان السلطانية (@RoyalOmanPolice) May 5, 2025
വിസ, റെസിഡൻസി സാധുത പുതുക്കുന്നത് സുഗമമാക്കുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായാണ് ഈ അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം ഏതാനം വിഭാഗങ്ങളിൽപ്പെടുന്ന വ്യക്തികളുടെയും, തൊഴിലുടമകളുടെയും ഇത്തരം പിഴതുകകൾ ഒഴിവാക്കി നൽകുന്നതാണെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്.
താഴെ പറയുന്ന വിഭാഗങ്ങളിലുള്ളവർക്കാണ് പിഴതുകകളിൽ ഇളവ് അനുവദിക്കുന്നത്:
- തങ്ങളുടെ റെസിഡൻസി പുതുക്കാൻ ആഗ്രഹിക്കുന്നവരോ, ഒമാനിലെ തങ്ങളുടെ തൊഴിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറ്റാൻ ആഗ്രഹിക്കുന്നവരോ ആയ വിദേശികൾക്ക് അവരുടെ കാലാവധി അവസാനിച്ച വർക്ക് വിസ, റെസിഡൻസി കാർഡ് എന്നിവയുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള മുഴുവൻ പിഴത്തുകയും ഒഴിവാക്കി നൽകുന്നതാണ്. വിസ സ്റ്റാറ്റസ് മാറ്റുന്നതിന് ആവശ്യമായ നടപടികൾ, പരിശോധനകൾ എന്നിവ തൊഴിൽ മന്ത്രാലയം പൂർത്തിയാക്കുന്നതിന് അനുസരിച്ചാണ് ഈ ഇളവ് ലഭിക്കുന്നത്.
- ഒമാനിൽ നിന്ന് എന്നെന്നേക്കുമായി തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ മടങ്ങിപോകുന്നതിന് ആഗ്രഹിക്കുന്ന വിദേശികളുടെ കാലാവധി അവസാനിച്ച വിസകളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള മുഴുവൻ പിഴത്തുകയും ഒഴിവാക്കി നൽകുന്നതാണ്.
ഇത്തരം ഇളവ് അനുവദിക്കുന്ന പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം 2025 ജൂലൈ 31 വരെ ലഭ്യമാണെന്ന് ROP അധികൃതർ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.