രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2025 മെയ് 18-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
نظمت #وزارة_العمل ممثلة بدائرة السلامة والصحة المهنية، حملة #صيف_آمن ، والتي تهدف إلى توعية العاملين وأصحاب العمل بمخاطر الإجهاد الحراري خلال فصل الصيف، وضرورة اتخاذ التدابير الوقائية للحفاظ على صحة وسلامة العاملين، خصوصًا في مواقع العمل المكشوفة والمعرضة لأشعة الشمس المباشرة. pic.twitter.com/qgGiJZWucN
— وزارة العمل -سلطنة عُمان (@Labour_OMAN) May 18, 2025
നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രചാരണ പരിപാടിയ്ക്ക് മന്ത്രാലയം തുടക്കമിട്ടിട്ടുണ്ട്. മന്ത്രാലയത്തിന് കീഴിലുള്ള ഒക്കുപ്പേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വകുപ്പാണ് ‘സേഫ് സമ്മർ’ എന്ന പേരിലുള്ള ഈ പ്രചാരണ പരിപാടി ആരംഭിച്ചിരിക്കുന്നത്.
വേനൽച്ചൂടിൽ പുറം തൊഴിലിടങ്ങളിൽ പണിയെടുക്കുന്നതിന്റെ അപകടങ്ങൾ, സൂര്യാഘാതത്തിന്റെ അപകടങ്ങൾ, തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്വീകരിക്കാവുന്ന മുൻകരുതൽ നടപടികൾ തുടങ്ങിയവ സംബന്ധിച്ച് അവബോധം വളർത്തുന്നതിനായാണ് ഈ പ്രചാരണ പരിപാടി ലക്ഷ്യമിടുന്നത്.
നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കുന്ന കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തിവെക്കേണ്ടതാണെന്ന് മന്ത്രാലയം രാജ്യത്തെ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്.
വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വേനലിലെ കൊടും ചൂടിൽ, തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും, സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതകൾ മുൻനിർത്തിയുമാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
‘286/2008’ എന്ന മന്ത്രിസഭാ ഉത്തരവിലെ ആർട്ടിക്കിൾ 16 പ്രകാരം വേനൽമാസങ്ങളിൽ സൂര്യതപം ഏൽക്കാനിടയുള്ള സമയങ്ങളിൽ തൊഴിലാളികൾ തുറന്ന ഇടങ്ങളിൽ ജോലിചെയ്യുന്നത് ഒമാൻ നിരോധിച്ചിട്ടുണ്ട്.
Cover Image: Oman Ministry of Labor.