ദുബായ് കിരീടാവകാശി ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

GCC News

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഒമാനിലെത്തി. 2025 മെയ് 26-നാണ് അദ്ദേഹം ഒമാനിലെത്തിയത്.

മസ്‌കറ്റിലെ റോയൽ എയർപോർട്ടിലെത്തിയ അദ്ദേഹത്തെയും പ്രതിനിധി സംഘത്തെയും ഒമാൻ സാംസ്കാരിക, കായിക, യുവജന വകുപ്പ് മന്ത്രി H.H. സയ്യിദ് തേയാസീൻ ബിൻ ഹൈതം താരിഖ് അൽ സൈദ് സ്വീകരിച്ചു. തുടർന്ന് ദുബായ് കിരീടാവകാശി ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരീഖുമായി കൂടിക്കാഴ്ച നടത്തി.

മസ്‌കറ്റിലെ അൽ ബാറാഖ കൊട്ടാരത്തിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച.

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യു എ ഇ ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ ആശംസകൾ ദുബായ് കിരീടാവകാശി ഒമാൻ ഭരണാധികാരിയെ അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ, ഇരു രാജ്യങ്ങൾക്കും ഒരുപോലെ താത്പര്യമുള്ള വിവിധ വിഷയങ്ങൾ തുടങ്ങിയവ ഇരുവരും കൂടിക്കാഴ്ചയ്ക്കിടയിൽ ചർച്ച ചെയ്തു.