2026-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ കരിമരുന്നു പ്രദർശനം സംഘടിപ്പിക്കാനൊരുങ്ങുന്നതായി അധികൃതർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട് പുതുവർഷരാവിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടുള്ള അതിഗംഭീര കരിമരുന്നു പ്രദർശനം സംഘടിപ്പിക്കുമെന്ന് റാസ് അൽ ഖൈമ അധികൃതർ അറിയിച്ചിട്ടുണ്ട്. റാസ് അൽ ഖൈമയുടെ പുരോഗതിയ്ക്കൊപ്പം ശക്തി, പുതുമ തുടങ്ങിയവയുടെ ആശയങ്ങൾ ഉൾക്കൊണ്ടായിരിക്കും ഇത്തവണത്തെ പുതുവർഷാഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്നു പ്രദർശനം ഒരുക്കുന്നത്.
കരിമരുന്ന് പ്രകടനങ്ങൾക്കൊപ്പം നൂതനസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഡ്രോണുകൾ കൂടി സമന്വയിപ്പിക്കുന്ന രീതിയിലാണ് ഈ വെടിക്കെട്ട് നടത്തുന്നത്. ഈ കരിമരുന്ന് പ്രദർശനത്തിൽ റാസ് അൽ ഖൈമയിലെ വാനിൽ വിവിധ പ്രകൃതിദൃശ്യങ്ങളും, സാംസ്കാരിക പൈതൃകവും തെളിയുന്നതാണ്.
മാർജാൻ ഐലൻഡ് മുതൽ അൽ ഹംറ വരെ 6 കിലോമീറ്റർ നീളത്തിൽ ഒരുക്കുന്ന ഈ കരിമരുന്ന് പ്രകടനം 15 മിനിറ്റ് നീണ്ട് നിൽക്കുന്നതാണ്. ഇതിനായി പയ്‌റോ ഡ്രോണുകൾ, ലേസർ ഡ്രോണുകൾ എന്നിവ ഉൾപ്പടെ 2300-ലധികം ഡ്രോണുകൾ ഉപയോഗിക്കുന്നതാണ്.
റാസ് അൽ ഖൈമയിലെ പുതുവർഷാഘോഷങ്ങളുടെ ഭാഗമായി താഴെ പറയുന്ന രീതിയിൽ രണ്ട് കരിമരുന്ന് പ്രദർശനങ്ങളാണ് ഒരുക്കുന്നത്:
- കോർണിഷ് അൽ ഖവാസിമിൽ രാത്രി 8 മണിക്ക്.
- മാർജാൻ ദ്വീപ്, അൽ ഹംറ ബേ എന്നിവയ്ക്ക് മുകളിലായി രാത്രി 12 മണിക്ക്. ഈ കരിമരുന്ന് പ്രദർശനം 15 മിനിറ്റ് നീണ്ട് നിൽക്കും.
WAM

