ട്രാഫിക് പിഴതുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട കുടിശ്ശിക അടച്ച് തീർക്കാനുണ്ടെന്നും, ഈ പിഴ തുകകൾ ഉടൻ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ട് പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കും, വെബ്സൈറ്റുകൾക്കുമെതിരെയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരം സന്ദേശങ്ങൾ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളവയാണെന്നും, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ലിങ്കുകളുമായോ വെബ്സൈറ്റുകളുമായോ ഇടപഴകരുതെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
സ്പീഡ് റഡാർ വഴി ഗതാഗത നിയമലംഘനം കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന വ്യാജ നോട്ടീസുകളിലൂടെ 48 മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ അധിക പിഴ ചുമത്തുമെന്ന് വാഹന ഉടമകളെ ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. ഇതിന് പുറമെ ഇത്തരത്തിലുള്ള ചില തട്ടിപ്പ് സന്ദേശങ്ങളിൽ വാഹനഉടമയ്ക്കെതിരെ ജുഡീഷ്യൽ നടപടികൾ, കനത്ത പിഴകൾ, ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ, വാഹന ഇടപാടുകളിൽ നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്നും തെറ്റായി മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇത്തരം സന്ദേശങ്ങളും വെബ്സൈറ്റുകളും ഔദ്യോഗികമല്ലെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗതാഗത നിയമലംഘനങ്ങൾ പരിശോധിക്കുന്നതിനും പണമടയ്ക്കുന്നതിനും അംഗീകൃത സർക്കാർ ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.
ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും, സംശയാസ്പദമായ ലിങ്കുകൾ വഴിയോ അനൗദ്യോഗിക വെബ്സൈറ്റുകൾ വഴിയോ വ്യക്തിഗത, സാമ്പത്തിക വിവരങ്ങൾ നൽകുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

