ഖത്തർ: വെടിക്കെട്ട്, ലേസർ ഷോ എന്നിവയ്ക്ക് മുൻ‌കൂർ അനുമതി നിർബന്ധമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി

GCC News

വെടിക്കെട്ട്, തുറന്ന ഇടങ്ങളിൽ നടത്തുന്ന ലേസർ രശ്മികളുടെ ഉപയോഗം, തീവ്രതയേറിയ ലൈറ്റുകളുടെ ഉപയോഗം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻ‌കൂർ അനുമതി ആവശ്യമാണെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. 2026 സെപ്റ്റംബർ 28-നാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

ഇത്തരം പ്രവർത്തനങ്ങൾ വിമാനങ്ങളുടെ പ്രവർത്തനത്തെയും, വ്യോമഗതാഗത സേവനങ്ങളെയും, പൈലറ്റുമാരുടെ കാഴ്ചയെയും ബാധിക്കാൻ സാധ്യതയുള്ളതിൽ ഇവയ്ക്ക് അനുമതി നൽകുന്നതിന് മുൻപായി ഒരു വിലയിരുത്തൽ ആവശ്യമാണെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

കരിമരുന്ന് പ്രകടനങ്ങൾ, തുറന്ന ഇടങ്ങളിലെ ലേസർ രശ്മികൾ, തീവ്രതയേറിയ ലൈറ്റുകൾ, സ്കൈ ട്രാക്കറുകൾ എന്നിവയ്ക്കാണ് ഈ മുൻ‌കൂർ വിലയിരുത്തൽ നിർബന്ധമാകുന്നത്. ഇതുമായി ബന്ധപ്പെട്ട അനുമതികൾക്കുള്ള അപേക്ഷകൾ വിലയിരുത്തിയ ശേഷം പ്രസ്തുത പ്രവർത്തനവുമായി മുന്നോട്ട് പോകുന്നതിന് അനുവാദം നൽകുന്നതിനോ, പ്രവർത്തനപരമായ നിബന്ധനകൾക്ക് വിധേയമായി അനുമതി നൽകുന്നതിനോ, വ്യോമയാന സുരക്ഷയ്ക്ക് അസ്വീകാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നതിന് സാധ്യതയുള്ള സാഹചര്യങ്ങളിൽ അപേക്ഷ നിരസിക്കുന്നതിനോ സിവിൽ ഏവിയേഷൻ അതോറിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

വിലയിരുത്തലിനും ഏകോപനത്തിനുമായി മതിയായ സമയം ലഭിക്കുന്നതിനായി, ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്യുന്ന അവസരങ്ങളിൽ വളരെ നേരത്തെത്തന്നെ പൂർണ്ണമായ വിവരങ്ങൾ അടങ്ങിയ അപേക്ഷകൾ സമർപ്പിക്കണമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അപേക്ഷകരോട് നിർദ്ദേശിച്ചിട്ടുണ്ട്.