ഒമാൻ: മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2027 മാർച്ച് 24-ന് ആരംഭിക്കും

GCC News

മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2027 മാർച്ച് 24-ന് ആരംഭിക്കും. 2026 ഒക്ടോബർ 21-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2027 മാർച്ച് 24 മുതൽ ഏപ്രിൽ 3 വരെയാണ് മുപ്പതാമത് മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. ‘ക്രിയേറ്റീവ് ഇൻഡസ്ട്രീസ്’ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരിക്കും മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പതാം പതിപ്പ് ഒരുക്കുന്നത്.

മസ്‌കറ്റ് അന്താരാഷ്ട്ര പുസ്തകമേളയുടെ മുപ്പതാമത് പതിപ്പിനായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി മേളയുടെ പ്രധാന സമിതി കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒമാൻ ഇൻഫോർമേഷൻ വകുപ്പ് മന്ത്രിയും, മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ കമ്മിറ്റി ചെയർമാനുമായ H.E. ഡോ. അബ്ദുല്ല ബിൻ നാസ്സർ അൽ ഹറാസി ഈ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

നേരത്തെ 2026 മാർച്ച് 26-ന് ആരംഭിക്കാനിരുന്ന മുപ്പതാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ മേഖലയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മാറ്റിവെക്കുകയായിരുന്നു.

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 1992-ലാണ് ആദ്യമായി സംഘടിപ്പിക്കപ്പെട്ടത്. അന്താരാഷ്ട്ര പ്രസാധകരും, എഴുത്തുകാരും പങ്കെടുക്കുന്ന ഈ പുസ്തകമേള ഒമാനിലെ പ്രധാന സാംസ്കാരിക മേളകളിലൊന്നാണ്.