അബുദാബി: സൗജന്യ COVID-19 പരിശോധനകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനം

GCC News

അബുദാബിയിൽ നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന്റെ ഭാഗമായി, നിലവിൽ നടപ്പിലാക്കുന്ന സൗജന്യ COVID-19 ടെസ്റ്റിംഗ് പ്രചാരണപ്രവര്‍ത്തനങ്ങൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. അബുദാബി ഹെൽത്ത് ഡിപാർട്മെന്റ്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ, അബുദാബി ഹെൽത്ത് സർവീസസ് കമ്പനി എന്നിവർ സംയുക്തമായി നടപ്പിലാക്കുന്ന ഈ കൊറോണ വൈറസ് പരിശോധനകൾ അബുദാബിയിലെ ജനസാന്ദ്രതയേറിയ ഇടങ്ങളിലെ നിവാസികൾക്കിടയിലും നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

നിലവിൽ വ്യാവസായിക മേഖലകളിലെ തൊഴിലാളികളുടെയിടയിലാണ് ഇത്തരം സൗജന്യ COVID-19 പരിശോധനകൾ അബുദാബിയിൽ നടപ്പിലാക്കുന്നത്. തീവ്രമായ COVID-19 ടെസ്റ്റിംഗ് നടപടികളിലൂടെ രോഗവ്യാപനം തടയുക, അതിലൂടെ സമൂഹ സുരക്ഷ ഉറപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ സൗജന്യ മെഡിക്കൽ പരിശോധനകളും, COVID-19 പരിശോധനകളും എമിറേറ്റിലെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.

മുസഫയിലെ 335000-ഓളം നിവാസികളുടെയും, തൊഴിലാളികളുടെയും ഇടയിൽ COVID-19 ടെസ്റ്റിംഗ് നടത്തുന്നതിനും, ജനങ്ങൾക്കിടയിൽ കൊറോണ വൈറസ് സംബന്ധമായ ബോധവത്‌കരണം നടത്തുന്നതിനും, രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും, ശീലങ്ങളെപ്പറ്റിയും അവബോധം വളർത്തുന്നതിനുമായാണ് നാഷണൽ സ്‌ക്രീനിങ്ങ് പ്രോഗ്രാമിന് അബുദാബി രൂപം നൽകിയത്. ഏപ്രിൽ 30-നു ആരംഭിച്ച ഈ പ്രവർത്തനങ്ങൾക്ക് മുസഫയിൽ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

അബുദാബിയിലെ കൂടുതൽ ഇടങ്ങളിൽ ആരംഭിക്കാനിരിക്കുന്ന ഈ സൗജന്യ പരിശോധനകളെ സംബന്ധിച്ച തീയതികളോ, മറ്റ് കൂടുതൽ വിവരങ്ങളോ ഈ ഘട്ടത്തിൽ ലഭ്യമായിട്ടില്ല.