സൗദി: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ തീരുമാനം

Saudi Arabia

സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ വിവിധ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുന്നത് സംബന്ധിച്ച നടപടികൾ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി അഹമ്മദ് അൽ ഖത്തീബ് വ്യക്തമാക്കി. അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ടൂറിസത്തിന്റെ അടിയന്തിര യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ജൂൺ 21-നു ശേഷം, സൗദിയിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. മൂന്ന് മാസത്തിലധികമായി സൗദിയിലെ ടൂറിസം മേഖല, കൊറോണ വൈറസ് സാഹചര്യത്തിൽ ഏർപ്പെടുത്തിയ വിവിധ നിയന്ത്രണങ്ങൾ മൂലം, പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.

നിലവിലെ സാഹചര്യങ്ങൾ ആത്മവിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സൗദിയിൽ ഉടൻ തന്നെ വേനൽക്കാല ടൂറിസം പദ്ധതികൾ ആരംഭിക്കുമെന്നും, ഇത് ആഭ്യന്തര വിനോദസഞ്ചാരമേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ സാഹചര്യത്തിൽ, സൗദിയിലെ ഭൂരിഭാഗം പൗരന്മാരും ആഭ്യന്തര വിനോദസഞ്ചാര സാധ്യതകളിൽ താത്പര്യം പ്രകടിപ്പിക്കുന്നതായാണ് ടൂറിസം അതോറിറ്റി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നതെന്ന് അറിയിച്ച അൽ ഖത്തീബ്, ആരോഗ്യ വകുപ്പുമായി ചേർന്ന്, ഉടൻ തന്നെ ആഭ്യന്തര വിനോദ സഞ്ചാര പദ്ധതികൾക്ക് രൂപം നൽകുമെന്നും വ്യക്തമാക്കി.