പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട വിമാനങ്ങളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചു; ഗൾഫ് മേഖലയിൽ നിന്ന് കൂടുതൽ സർവീസുകൾ

GCC News

പ്രവാസികളെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കുന്നതിനായുള്ള പ്രത്യേക വിമാന സർവീസുകളുടെ നാലാം ഘട്ടത്തിലെ ആദ്യ വിമാനങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ ജൂലൈ 14 വരെയുള്ള 136 സർവീസുകളുടെ വിവരങ്ങളാണ് വിദേശകാര്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇതിൽ 86 സർവീസുകൾ കേരളത്തിലേക്കാണ്.

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിൽ ഗൾഫ് മേഖലയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള 136 വിമാനങ്ങളിൽ, 122 സർവീസുകൾ ജി സി സി രാജ്യങ്ങളിൽ നിന്നാണ്. ബഹ്‌റൈനിൽ നിന്ന് 47, ഒമാനിൽ നിന്ന് 16, യു എ ഇയിൽ നിന്ന് 59 എന്നിങ്ങനെയാണ് ഇതുവരെ നാലാം ഘട്ടത്തിൽ ഏർപ്പെടുത്തിയ സർവീസുകൾ. മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്ന് ആകെ 14 സർവീസുകളും ഈ ഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ജി സി സി രാജ്യങ്ങൾ, മലേഷ്യ, സിങ്കപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മടങ്ങിവരാൻ ആഗ്രഹമുള്ള എല്ലാവരെയും തിരികെയെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, കൂടുതൽ പ്രവാസികൾ ഇനിയും മടങ്ങാൻ തയ്യറെടുത്ത് കാത്തിരിക്കുന്ന രാജ്യങ്ങളിൽ പ്രത്യേക പരിഗണന നൽകിയായിരിക്കും നാലാം ഘട്ടത്തിൽ സർവീസുകൾ നടപ്പിലാക്കുക, എന്നും കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവ പ്രസ്താവിച്ചിരുന്നു. ഇതുവരെ 50-ൽ പരം രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് 364,209 പ്രവാസികളാണ് വന്ദേ ഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ ഏഴു ആഴ്ച്ചകളിലായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.