പൊതുഇടം തങ്ങളുടേതാക്കി സ്ത്രീകൾ – ‘സധൈര്യം മുന്നോട്ട്’ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Kerala News

കൊച്ചി: നിർഭയാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് ‘സധൈര്യം മുന്നോട്ട്’, ‘പൊതുയിടം എന്റേതും’ എന്നീ ആശയങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായി 2019 ഡിസംബര്‍ 29 ന് രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ സംഘടിപ്പിച്ച രാത്രി നടത്തം മികച്ച സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് സ്ത്രീകളാണ് സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന അക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായും, ഇത്തരം അതിക്രമങ്ങൾക്കെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഉണർത്തുന്നതിനു വേണ്ടിയും ഈ പ്രചാരണപരിപാടിയുടെ ഭാഗമായത്.

കൊച്ചിനഗരത്തിൽ മൂന്നിടങ്ങളിലായി മുന്നൂറിലധികം വനിതകൾ ഈ കൂട്ടായ്മയുടെ ഭാഗമായി രാത്തെരുവുകളിൽ നിർഭയരായി ഒത്തുചേർന്നു. ‘പൊതുയിടം എന്റേതും’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന ഈ രാത്രികാല നടത്തത്തിലൂടെ അവർ രാത്രിസമയങ്ങളിൽ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്നതിനു സ്ത്രീകൾക്കുള്ളിൽ തന്നെയുള്ള സങ്കോചവും, അകാരണമായ ഭയവും മാറ്റിയെടുക്കുക എന്നതും, പൊതുസമൂഹത്തിന്റെ സ്ത്രീകൾ രാത്രികാലങ്ങളിൽ പൊതുഇടങ്ങളിൽ സഞ്ചരിക്കുന്നതിനെതിരെ ഉള്ള ചിന്താഗതികൾ മാറ്റിയെടുക്കുക എന്നീ സന്ദേശങ്ങൾ സമൂഹത്തിനു കൈമാറി.

പാലാരിവട്ടം, കുന്നുംപുറം, പോണേക്കര തുടങ്ങിയ ഇടങ്ങളിൽ നിന്ന് ചെറുസംഘങ്ങളായി, രാത്രി 11 മണിയോടെ ‘സധൈര്യം മുന്നോട്ട്’ രാത്രി നടത്തം തുടങ്ങിയ സ്ത്രീകൾ പാതിരാത്രിയോടെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ഒത്തുചേർന്നു. സബ് കളക്ടർ, മേയർ, സാമൂഹിക പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ സംഘടനാ പ്രവര്‍ത്തകര്‍, സാംസ്‌കാരിക മേഖലയിലെ പ്രമുഖ വനിതകള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഈ പ്രചാരണപരിപാടിയുടെ ലക്ഷ്യം ഓർമിപ്പിച്ച് കൊണ്ട് തുടർന്ന് വനിതകൾ സ്ത്രീകൾക്കെതിരെ ഉയർന്നുവരുന്ന അക്രമങ്ങൾക്കെതിരെ പ്രതിജ്ഞയെടുത്തു. അസിസ്റ്റന്റ് കളക്ടർ M.S. മാധവിക്കുട്ടി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. മെഴുകുതിരികൾ തെളിച്ച് കൊണ്ട് ‘പൊതുയിടം എന്റേതും’ ആഘോഷമാക്കിയ സ്ത്രീകൾ പ്രതിജ്ഞാവാചകം ഏറ്റുചൊല്ലി.

അസിസ്റ്റന്റ് കളക്ടർ M.S. മാധവിക്കുട്ടി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കുന്നു.

തയ്യാറാക്കിയത്: കൊച്ചിയിൽ നിന്ന് ഹാംലറ്റ്. ഇ [Photo Credits: Hamlet. E]

1 thought on “പൊതുഇടം തങ്ങളുടേതാക്കി സ്ത്രീകൾ – ‘സധൈര്യം മുന്നോട്ട്’ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

Comments are closed.