എമിറേറ്റിലെ കായിക മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, ജൂലൈ 1 മുതൽ ഇൻഡോർ സ്പോർട്സ് കേന്ദ്രങ്ങൾ, ജിം മുതലായവ പുനരാരംഭിക്കാൻ അനുവാദം നൽകിയതായി അബുദാബി സ്പോർട്സ് കൗൺസിൽ അറിയിച്ചു. ഈ തീരുമാനത്തോടെ, ഈ ഉത്തരവ് പ്രകാരം അനുവാദം നൽകിയിട്ടുള്ള കായിക കേന്ദ്രങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാവുന്നതാണ്.
ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ജീവനക്കാർ, ഉപഭോക്താക്കൾ എന്നിവർക്കായുള്ള മുൻകരുതൽ നിർദ്ദേശങ്ങളും കൗൺസിൽ മറ്റു അനുബന്ധ വകുപ്പുകളുമായി ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്.
ഈ തീരുമാന പ്രകാരം ജൂലൈ 1 മുതൽ മുഴുവൻ സമയവും പ്രവർത്തനാനുമതി നൽകിയിട്ടുള്ള കായിക പ്രവർത്തനങ്ങൾ:
- സ്ത്രീകളുടെയും, പുരുഷൻമാരുടെയും ഫിറ്റ്നസ് സെന്ററുകൾ.
- ബോഡി ബിൽഡിംഗ് കേന്ദ്രങ്ങൾ.
- ബില്യാർഡ്സ്, സ്നൂക്കർ കേന്ദ്രങ്ങൾ.
- യോഗ ട്രെയിനിങ് സെന്ററുകൾ.
- ബൗളിംഗ് കേന്ദ്രങ്ങൾ.
- ജിമ്നേഷ്യങ്ങൾ.
തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ:
- കൈകൾ ശുചിയാക്കുന്നതിനായുള്ള സാനിറ്റൈസറുകൾ, സോപ്പ് മുതലായവ ഒരുക്കണം.
- തുറക്കുന്ന കേന്ദ്രങ്ങളിലെ ഡ്രസിങ് റൂമുകൾ, ഷവർ ഏരിയ, പ്രാർത്ഥനാ മുറികൾ എന്നിവ പ്രവർത്തിപ്പിക്കുന്നതിനു അനുവാദം ഉണ്ടായിരിക്കില്ല.
- സുരക്ഷാ നിർദ്ദേശങ്ങൾ സന്ദർശകർക്ക് കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
- രോഗബാധ സംശയിക്കുന്ന സന്ദർശകർക്കായി, മെഡിക്കൽ വിദഗ്ധരുടെ സേവനം ലഭിക്കുന്നത് വരെ മറ്റുള്ളവരുമായുള്ള ഇടപഴകലുകൾ ഒഴിവാക്കാനായി, പ്രത്യേക ഐസൊലേഷൻ മുറികൾ ഒരുക്കണം.
- തെർമൽ സ്കാനിങ് സംവിധാനങ്ങൾ ഒരുക്കണം.
- എല്ലാ ഉപകരണങ്ങളും 2 മണിക്കൂർ ഇടവേളയിൽ അണുവിമുക്തമാക്കേണ്ടതാണ്.
- ഇത്തരം കേന്ദ്രങ്ങളിലെ ക്ലിനിക്കുകളിൽ ഒരേ സമയം 3-ൽ കൂടുതൽ പേരെ അനുവദിക്കരുത്. ഇത്തരം ഇടങ്ങളും നിരന്തരം അണുവിമുക്തമാക്കേണ്ടതാണ്.
തുറന്ന് പ്രവർത്തിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാർ, ട്രെയിനർമാർ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ:
- എല്ലാ ജീവനക്കാർക്കും, ട്രെയിനർമാർക്കും COVID-19 ടെസ്റ്റിംഗ് നിർബന്ധമാണ്.
- മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്. ഇവ കൃത്യമായ ഇടവേളകളിൽ മാറ്റേണ്ടതാണ്.
- എല്ലാ ഉപകരണങ്ങളും കൃത്യമായി ശുചീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- 2 മീറ്റർ എങ്കിലും സമൂഹ അകലം പാലിക്കണം.
- ദൈനംദിന ട്രെയിനിങ് പ്രവർത്തനങ്ങൾക്ക് മാത്രമാണ് അനുവാദം നൽകുന്നത്. അതിനാൽ കേന്ദ്രങ്ങളിൽ മത്സര പരിപാടികളോ, ആഘോഷങ്ങളോ നടത്തുന്നില്ലെന്ന് ഉറപ്പാക്കണം.
- ആളുകൾ കൂടിച്ചേരുന്നത് നിയന്ത്രിക്കണം.
- സമൂഹ അകലം ഉറപ്പാക്കുന്നതിനായി, പരമാവധി ശേഷിയുടെ 40% ആളുകൾക്ക് മാത്രമായി ട്രെയിനിങ് ചുരുക്കണം.
- ഇത്തരം ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചു കൊള്ളാം എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന രേഖ അധികൃതർക്ക് നൽകേണ്ടതാണ്.
ഇത്തരം കേന്ദ്രങ്ങളിൽ കായിക പരിശീലനത്തിനായി വരുന്ന സന്ദർശകർ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങൾ:
- ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനു മുൻപ് തെർമൽ സ്കാനിനിങ്ങിനു വിധേയരാകണം.
- മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്.
- ജിമ്മിലെ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ സ്വന്തം കയ്യുറകൾ ധരിക്കണം.
- 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
- വ്യക്തി ശുചിത്വം പാലിക്കുന്നതിനായുള്ള കിറ്റ് കയ്യിൽ കരുതണം.
- കൂട്ടം കൂടിയുള്ള പരിശീലനം ഒഴിവാക്കണം.
- ഇത്തരം ആരോഗ്യ നിർദ്ദേശങ്ങൾ പാലിച്ചു കൊള്ളാം എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന രേഖ നൽകേണ്ടതാണ്.