ഒമാൻ: രണ്ട് മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കുന്നു

GCC News

ഒമാനിലെ മിനിസ്ട്രി ഓഫ് മാൻപവർ രാജ്യത്തെ മത്സ്യബന്ധന മേഖലയിലും, ഖനന മേഖലയിലും സ്വദേശിവത്കരണം നടപ്പിലാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കി. അടുത്ത നാല് വർഷത്തിനിടയിൽ ഈ മേഖലകളിൽ നടപ്പിലാക്കേണ്ട ഒമാനിവത്കരണത്തിന്റെ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും, കണക്കുകളും ഉൾക്കൊള്ളുന്ന തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതായാണ് സൂചന. ജൂൺ 29, 2020 മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതായിരിക്കും.

മത്സ്യബന്ധന മേഖലയിൽ നിലവിൽ 15 ശതമാനം ഒമാനികൾ എന്നത്, 2024-ഓടെ 35 ശതമാനത്തിലേക്ക് ഉയർത്തും. 2020 അവസാനത്തോടെ, ഈ മേഖലയിലെ നേതൃത്വസ്ഥാനങ്ങളിലുള്ള തൊഴിലുകളിൽ 50 ശതമാനം ജീവനക്കാരെങ്കിലും ഒമാൻ വംശജരായിരിക്കണമെന്നും ഈ തീരുമാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് 2024-ഓടെ 70 ശതമാനം ഒമാനികൾ എന്നതിലേക്ക് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.

ഖനന മേഖലയിൽ ഈ വർഷം അവസാനത്തോടെ 25% ഒമാനിവത്കരണം ഉറപ്പാക്കും. 2024-നുള്ളിൽ ഇത് 35 ശതമാനത്തിലേക്ക് ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്. ഖനന മേഖലയിലെ നേതൃത്വസ്ഥാനങ്ങളിലുള്ള തൊഴിലുകളിൽ 2020 അവസാനത്തോടെ 52% ഒമാനിവത്കരണമാണ് നടപ്പിലാക്കുക. ഇത് 2024-ഓടെ 60 ശതമാനത്തിലേക്ക് ഉയർത്തും.

അതിവേഗം സ്വദേശിവത്കരണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഒമാനിൽ ഏതാനം ദിവസങ്ങൾക്ക് മുൻപ് ഓൺലൈൻ വിതരണ രംഗത്തും, കാർഷിക മേഖലയിലെ ഉത്പന്നങ്ങൾ വിപണികളിലേക്കെത്തിക്കുന്ന ജോലികളിലും വിദേശികളെ ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.