ജൂലൈ 1, ബുധനാഴ്ച്ച മുതൽ രാജ്യത്തേക്ക് മടങ്ങി എത്തുന്ന റെസിഡൻസി വിസക്കാർക്ക്, യാത്രകൾക്ക് മുൻപ് COVID-19 പരിശോധനകൾ നിർബന്ധമാക്കിയതായി യു എ ഇ സർക്കാർ അറിയിച്ചു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മന്റ് അതോറിറ്റിയും (NCEMA), ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും (ICA) സംയുക്തമായി ജൂൺ 28, ഞായറാഴ്ച്ച പുറത്തിറക്കിയ റെസിഡൻസി വിസക്കാരുടെ യാത്രകൾ സംബന്ധിച്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങളിലാണ് ഈ തീരുമാനം അറിയിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ജൂലൈ 1 മുതൽ യു എ ഇയിലേക്ക് മടങ്ങിയെത്തുന്ന റെസിഡൻസി വിസക്കാർക്ക് യാത്രചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് ലഭിച്ച COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഈ പരിശോധനകൾ യു എ ഇ സർക്കാർ അംഗീകൃത ലാബുകളിൽ നിന്ന് വേണം നടത്താൻ.
ഇതിനായി ആദ്യ ഘട്ടത്തിൽ 17 രാജ്യങ്ങളിലെ, 106 നഗരങ്ങളിലായി അംഗീകൃത ലാബുകൾ തയ്യാറാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ കൂടുതൽ രാജ്യങ്ങളിലെ ലാബുകൾക്ക് ഇതിനുള്ള അംഗീകാരം നൽകുന്നതാണ്. ഇതിനായി അംഗീകാരം ലഭിച്ചിട്ടുള്ള ലാബുകൾക്ക്, 72 മണിക്കൂർ സമയപരിധിയെപ്പറ്റി ധാരണയുള്ളതിനാൽ, എത്രയും വേഗത്തിൽ റിസൾട്ട് നല്കാൻ ശ്രമിക്കുമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
യാത്രചെയ്യുന്നതിന് 72 മണിക്കൂർ മുൻപ് ലഭിച്ച COVID-19 നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ബോർഡിങ്ങ് അനുവദിക്കില്ല. https://smartservices.ica.gov.ae എന്ന ICA-യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അംഗീകൃത ലാബുകളുടെ വിവരങ്ങൾ ലഭ്യമാകുന്നതാണ്. നിലവിൽ അംഗീകൃത ലാബുകൾ ഏർപെടുത്താത്ത രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവർക്ക് യു എ ഇയിൽ എത്തിയ ശേഷം ഇത് നടത്താമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. മടങ്ങിയെത്തുന്ന യാത്രികർക്ക് 14 ദിവസത്തെ ഹോം, അല്ലെങ്കിൽ പ്രത്യേക കേന്ദ്രങ്ങളിൽ ക്വറന്റീനിൽ കഴിയേണ്ടിവരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ക്വാറന്റീൻ, ആരോഗ്യ പരിചരണങ്ങൾ മുതലായവയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യാത്രികർ വഹിക്കേണ്ടതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ, മടങ്ങിയെത്തുന്നവരുടെ കമ്പനികൾക്കിയിരിക്കും ഇതിന്റെ ചുമതല. മടങ്ങിയെത്തുന്നവർക്ക് അധികൃതർ നിർദ്ദേശിക്കുന്ന COVID-19 ട്രാക്കിംഗ് സ്മാർട്ട് ആപ്പ് ഉപയോഗിക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.