യു എ ഇ: പള്ളികളും മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറക്കും

GCC News

യു എ ഇയിലെ പള്ളികളും, മറ്റു ആരാധനാലയങ്ങളും ജൂലൈ 1 മുതൽ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി നാഷണൽ എമർജൻസി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് മാനേജ്‌മന്റ് അതോറിറ്റി(NCEMA) അറിയിച്ചു. ജൂൺ 29, തിങ്കളാഴ്ച്ച നടന്ന COVID-19 പ്രത്യേക പത്രസമ്മേളനത്തിലാണ് NCEMA വക്താവ് ഡോ. സൈഫ് അൽ ദഹരി ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചത്.

കർശനമായ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കിയാണ് ആരാധനാലയങ്ങൾ വിശ്വാസികൾക്കായി തുറന്ന് കൊടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. തുറന്നു കൊടുക്കുന്ന ആരാധനാലയങ്ങളിൽ, പരമാവധി ശേഷിയുടെ 30 ശതമാനം പേർക്കായിരിക്കും ആദ്യ ഘട്ടത്തിൽ പ്രവേശിക്കാൻ അനുവാദം നൽകുക. പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്ക് നിലവിൽ അനുവാദം നൽകിയിട്ടില്ല എന്നും സൈഫ് അൽ ദഹരി അറിയിച്ചു. ഇത് കൂടാതെ വ്യാവസായിക മേഖലകൾ, തൊഴിലാളികളുടെ താമസയിടങ്ങൾ, പൊതു പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ മുതലായ ഇടങ്ങളിലെ ഏതാനം പള്ളികൾക്കും, തുറക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിശ്വാസികളുടെ സുരക്ഷ മുൻനിർത്തി പള്ളികളിലെ ഇമാം, ജീവനക്കാർ മുതലായവർക്ക് COVID-19 പരിശോധനകൾ നടത്തിയതായും അദ്ദേഹം അറിയിച്ചു. തുറന്ന് കൊടുക്കുന്ന പള്ളികൾ, മറ്റ് ആരാധനാലയങ്ങൾ എന്നിവയിൽ പാലിക്കേണ്ട സുരക്ഷാ നിർദ്ദേശങ്ങളും സൈഫ് അൽ ദഹരി പങ്ക് വെച്ചു.

  • പ്രായമായവർ, കുട്ടികൾ, വിട്ടുമാറാത്ത അസുഖങ്ങൾ ഉള്ളവർ എന്നിവർ പള്ളികളിൽ പ്രവേശിക്കരുത്.
  • കൊറോണ വൈറസ് ബാധിതരുമായി അടുത്തിടപഴകാനിടയായവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്.
  • ആരാധനാലയങ്ങളിൽ സന്ദർശിക്കുന്നവർക്ക് അൽഹൊസൻ ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്.
  • മാസ്കുകൾ നിർബന്ധമാണ്.
  • 3 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കണം.
  • കൂട്ടം കൂടുന്നത് ഒഴിവാക്കണം.
  • പ്രാർഥനകൾക്കായി പായകളും മറ്റും ഓരോ സന്ദർശകരും കൊണ്ടുവരേണ്ടതാണ്.
  • വിശ്വാസികൾ തങ്ങളുടെ വീടുകളിൽ നിന്ന് അംഗശുദ്ധി വരുത്തേണ്ടതാണ്.
  • പള്ളികളിലെ ഖുർആൻ ഉപയോഗിക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
  • ഹസ്തദാനം അനുവദനീയമല്ല.

COVID-19 പശ്ചാത്തലത്തിൽ, പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളികൾ, ചാപ്പലുകൾ, മറ്റു ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ പ്രാർത്ഥനാ ചടങ്ങുകൾ മാർച്ച് 16 മുതൽ യു എ ഇയിൽ നിർത്തലാക്കിയിരിക്കുകയാണ്. NCEMA-യും ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് ഔകാഫും മറ്റു മത പണ്ഡിതരും ആരോഗ്യ വിദഗ്ദ്ധരും ചേർന്നാണ് ഈ തീരുമാനം കൈകൊണ്ടത്. മാർച്ച് 16 മുതൽ നാലാഴ്ചത്തേക്കായിരുന്നു ആദ്യ ഘട്ടത്തിൽ ആരാധനാലയങ്ങൾ അടച്ചിടുന്നതിനു തീരുമാനം എടുത്തത്. പിന്നീട് ഈ ഉത്തരവ് തുടരാൻ തീരുമാനിച്ചതായി യു എ ഇ സർക്കാർ ഏപ്രിൽ 9-നു അറിയിക്കുകയായിരുന്നു.