റെസിഡൻസ് വിസകൾ കാലതാമസം കൂടാതെ പുതുക്കാൻ റോയൽ ഒമാൻ പോലീസിന്റെ നിർദ്ദേശം

Oman

രാജ്യത്തിനകത്തുള്ള പ്രവാസികളോട് തങ്ങളുടെ വിസ, റെസിഡൻസി കാർഡുകൾ എന്നിവയുടെ കാലാവധി എത്രയും പെട്ടെന്ന് പുതുക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി. ROP സേവന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനാരംഭിച്ചതോടെ ഇത്തരം രേഖകളുടെ കാലാവധി പുതുക്കുന്ന നടപടികൾ ആരംഭിച്ചതായും, രേഖകൾ പുതുക്കുന്നതിൽ വരുത്തുന്ന കാലതാമസങ്ങൾക്ക് പിഴ തുകകൾ ഈടാക്കുന്ന നടപടികൾ ROP നടപ്പിലാക്കിത്തുടങ്ങിയതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

“ജൂലൈ 1 മുതൽ രാജ്യവ്യാപകമായി ROP സേവന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ റെസിഡൻസി കാർഡുകൾ പുതുക്കുന്ന സേവനങ്ങൾ ഈ കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഇവ പുതുക്കുന്നതിൽ വരുത്തുന്ന കാലതാമസത്തിന് ജൂലൈ 15 മുതൽ പിഴ ഇടാക്കിത്തുടങ്ങുന്നതാണ്.”, ഡയറക്ടറേറ് ജനറൽ ഓഫ് പാസ്സ്പോർട്സ് ആൻഡ് റെസിഡൻസ് അസിസ്റ്റന്റ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹബ്സി ഇതു സംബന്ധിച്ച് അറിയിച്ചു. എന്നാൽ ഇവ പുതുക്കുന്നതിനായി പ്രവാസികൾക്ക് അവരവരുടെ സ്ഥാപനങ്ങളിലെ PRO ഉദ്യോഗസ്ഥരുടെ സഹായം തേടാവുന്നതാണെന്നും, പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർ ഇതിനായി സേവന കേന്ദ്രങ്ങളിൽ നേരിട്ട് എത്തണമെന്ന് നിർബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരുടെ റെസിഡൻസ് കാർഡ് പുതുക്കുന്ന നടപടികൾ കമ്പനി PRO ഉദ്യോഗസ്ഥർക്ക് നേരിട്ട് നടത്താവുന്നതാണ്.