ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

Oman

രാജ്യത്ത് ക്രിപ്റ്റോകറൻസി ഇടപാടുകൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO). പൊതുസമൂഹത്തിൽ ക്രിപ്റ്റോകറൻസി ഇടപാടുകളിലും, ക്രിപ്റ്റോകറൻസി പോലുള്ള സേവനങ്ങളിലും വളർന്നു വരുന്ന നിക്ഷേപ പ്രവണത കണക്കിലെടുത്താണ് CBO ഈ മുന്നറിയിപ്പ് നൽകിയത്.

ഒമാനിലെ നിയമങ്ങൾ പ്രകാരം ക്രിപ്റ്റോകറൻസികൾക്ക് നിയമ സാധുതയില്ല എന്ന് CBO-യും, നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫൊർമേഷനും ചേർന്ന് സംയുക്തമായി വ്യക്തമാക്കി. ഇതിനു പുറമെ, ക്രിപ്റ്റോകറൻസികൾ പോലുള്ള ഉത്പന്നങ്ങൾ രാജ്യത്ത് വിപണനം ചെയ്യുന്നതിന് ഒരു സ്ഥാപനങ്ങൾക്കും CBO അനുമതി നൽകിയിട്ടില്ല എന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനാൽ ക്രിപ്റ്റോകറൻസികൾ കൈവശം സൂക്ഷിക്കുന്നതിനോ, ഇവ ഉപയോഗിച്ചുള്ള ഇടപാടുകൾക്കോ CBO-യ്ക്ക് യാതൊരു ഉത്തരവാദിത്വവും ഉണ്ടായിരിക്കില്ലെന്നും, ഇവയ്ക്ക് ഒമാനിലെ ബാങ്കിങ് നിയമം 114/2000 പ്രകാരമുള്ള നിയമ പരിരക്ഷ ലഭിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കുന്നവർക്ക് മറ്റു സാമ്പത്തികമായതും, നിയമപരമായതുമായ അപകടസാധ്യതകൾ നേരിടേണ്ടിവരാമെന്നും CBO മുന്നറിയിപ്പ് നൽകി.