കുവൈറ്റ്: വ്യോമയാന മേഖലയിലെ യാത്രികർക്കുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ പുറത്തിറക്കി

GCC News

രാജ്യത്തെ വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) പുറത്തിറക്കി. കുവൈറ്റ് ഇന്റർനാഷനൽ വിമാനത്താവളത്തിലൂടെ വിദേശത്തേക്കും, തിരികെ രാജ്യത്തിനകത്തേക്കും യാത്ര ചെയ്യുന്നവർ കർശനമായും ഈ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം യാത്ര ചെയ്യേണ്ടതെന്ന് DGCA അറിയിച്ചിട്ടുണ്ട്.

കുവൈറ്റിൽ നിന്ന് വിദേശത്തേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ:

  • യാത്രകൾക്ക് മുൻപ്, കുവൈറ്റ് മുസാഫിർ ആപ്പ് (https://kuwaitmosafer.com/) ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിൽ നിന്ന് ലഭിക്കുന്ന ബാർകോഡ് യാത്രയിലുടനീളം ആവശ്യമാണ്.
  • യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് COVID-19 റിസൾട്ട് നിർബന്ധമാണെങ്കിൽ, യാത്രയ്ക്ക് മുന്നോടിയായി ആരോഗ്യ മന്ത്രാലയത്തിൻറെ അംഗീകാരമുള്ള ലാബുകളിൽ നിന്ന് പരിശോധന നടത്തേണ്ടതാണ്. ഇത്തരം റിസൾട്ടുകളുടെ സമയ സാധുത സംബന്ധിച്ച് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ നിലവിലുള്ള നിബന്ധനകൾ ഉറപ്പാക്കണം.
  • യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ സാധുതയുള്ള, COVID-19 ചികിത്സകൾ ഉൾപ്പടെ പരിരക്ഷയുള്ള ആരോഗ്യ ഇൻഷുറൻസ് യാത്രികർക്ക് നിർബന്ധമാണ്. ഇവ യാത്രാ കാലയളവിൽ മുഴുവൻ സാധുതയുള്ളതാണെന്ന് ഉറപ്പാക്കണം.
  • യാത്രയിലുടനീളം മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസർ, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.

കുവൈറ്റിലേക്ക് യാത്രചെയ്യുന്നവർ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിബന്ധനകൾ:

  • യാത്ര പുറപ്പെടുന്നതിനു മുൻപ്, യാത്രികർ നിർബന്ധമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ COVID-19 ആപ്പ് ‘Shlonik’ ഇൻസ്റ്റാൾ ചെയ്ത്, രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • രാജ്യത്ത് പ്രവേശിക്കുന്നതിനായി, കൊറോണ വൈറസ് ബാധയില്ലാ എന്ന് തെളിയിക്കുന്ന, അംഗീകാരമുള്ള ലാബുകളിൽ നിന്നുള്ള PCR പരിശോധനാ ഫലം നിർബന്ധമാണ്. യാത്രയ്ക്ക് മുൻപ് 96 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ ഫലം ആയിരിക്കണം.
  • രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും 14 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.
  • വിമാനത്തിൽ പ്രവേശിക്കുന്നതിന് മുൻപും, കുവൈറ്റിൽ എത്തിയ ശേഷവും യാത്രികരെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനായി, തെർമൽ സ്കാനിംഗിന് വിധേയരാക്കും.
  • കുവൈറ്റിൽ എത്തുന്ന ഓരോ വിമാനങ്ങളിൽ നിന്നും, ക്രമരഹിതമായ തിരഞ്ഞെടുക്കുന്ന 10 ശതമാനം യാത്രികരെ വിമാനത്താവളത്തിൽ വെച്ച് PCR പരിശോധനകൾക്ക് വിധേയരാക്കുന്നതാണ്.
  • യാത്രയിലുടനീളം മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസർ, സമൂഹ അകലം മുതലായ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം.

കുവൈറ്റിൽ നിന്ന് വിദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച വിവരങ്ങൾ, വിമാനകമ്പനികളിൽ നിന്നോ ട്രാവൽ ഏജൻസികളിൽ നിന്നോ വിശദമായി മനസ്സിലാക്കേണ്ടതാണ്. ദിനം തോറും ഇത്തരം ആരോഗ്യ സുരക്ഷാ നിബന്ധനകൾ ഓരോ രാജ്യത്തും മാറാനുള്ള സാഹചര്യം നിലനിൽക്കുന്നത് കൊണ്ടും, ഓരോ വിമാനത്താവളങ്ങളിലും ഇത്തരം മാനദണ്ഡങ്ങൾ വ്യത്യസ്‌തമായതു കൊണ്ടും ഇവ മനസ്സിലാക്കുന്നത് യാത്രകളിലെ അവിചാരിതമായുള്ള തടസങ്ങൾ ഒഴിവാക്കാൻ സഹായകമാണെന്നും DGCA വ്യക്തമാക്കിയിട്ടുണ്ട്.