COVID-19 സാഹചര്യത്തിലും, അബുദാബിയിൽ നിലവിലുള്ള യാത്രാ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലും, യാത്രികരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി അബുദാബി എയർപോർട്ട് അധികൃതർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ജൂൺ 9-നു രാത്രി അബുദാബി മീഡിയ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്ക്വെച്ചത്.
നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത്, അബുദാബി വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് സുരക്ഷിതവും, മികച്ചതുമായ സേവനങ്ങൾ ഉറപ്പാക്കാനുതകുന്ന നിർദ്ദേശങ്ങളാണ് അബുദാബി എയർപോർട്ട് അധികൃതർ നൽകിയിട്ടുള്ളത്.
- നിലവിൽ അബുദാബിയിൽ നടപ്പിലാക്കുന്ന COVID-19 പരിശോധനകളുടെയും, അണുനശീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് വേണം നിങ്ങളുടെ വിമാനത്താവളത്തിലേക്കുള്ള യാത്രകൾ ക്രമീകരിക്കേണ്ടത്. വിമാനസമയത്തിനു 4 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തുന്ന തരത്തിൽ യാത്രകൾ ക്രമീകരിക്കുക.
- എയർപോർട്ടിൽ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുന്നതിനായി ചെക്ക്-ഇൻ നടപടികൾക്കായി കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കുക.
- സ്ഥിരീകരിക്കപ്പെട്ട യാത്രാ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമായിരിക്കും എയർപോർട്ട് ടെർമിനലിലേക്ക് പ്രവേശനം അനുവദിക്കുക.
- എയർപോർട്ടിൽ സമൂഹ അകലം ഉറപ്പാക്കാനും, മാസ്കുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കയ്യുറകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കാനും യാത്രികരോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
- യാത്രികരുടെ ശരീരോഷ്മാവ് അളക്കുന്നതിനായി എയർപോർട്ട് കവാടങ്ങളിലും മറ്റും തെർമൽ സ്കാനറുകൾ ഉപയോഗിക്കുന്നതാണ്.
- രക്തപരിശോധന നിർബന്ധമാക്കിയിട്ടുള്ള ഇടങ്ങളിലേക്ക് യാത്രചെയ്യുന്നവർക്കായി, ഇതിനുള്ള സംവിധാനങ്ങൾ ചെക്ക്-ഇൻ ഏരിയയിൽ ഒരുക്കുന്നതാണ്.