അബുദാബി: സ്വകാര്യ വിദ്യാലയങ്ങൾക്ക് അഞ്ച് ദിവസത്തെ ഈദ് അവധി പ്രഖ്യാപിച്ചു

GCC News

എമിറേറ്റിലെ സ്വകാര്യ, ചാർട്ടർ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ ഈദുൽ ഫിത്ർ വേളയിൽ അഞ്ച് ദിവസത്തെ അവധി അനുവദിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ഏപ്രിൽ 27-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് പുറത്തിറക്കിയ അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് 2022 മെയ് 2, തിങ്കളാഴ്ച മുതൽ 2022 മെയ് 6 വെള്ളിയാഴ്ച വരെ അവധിയായിരിക്കും.

ഈദുൽ ഫിത്ർ അവധിയ്ക്ക് ശേഷം എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനം 2022 മെയ് 9, തിങ്കളാഴ്ച, മുതൽ പുനരാരംഭിക്കുന്നതാണ്. ഇതോടെ അഞ്ച് ദിവസത്തെ ഈദ് അവധിയും, നാല് ദിവസത്തെ വാരാന്ത്യ അവധിയും ഉൾപ്പടെ (ഏപ്രിൽ 30 – മെയ് 8) എമിറേറ്റിലെ വിദ്യാർത്ഥികൾക്ക് ഒമ്പത് ദിവസത്തെ അവധി ലഭിക്കുന്നതാണ്.

ഈദ് അവധിയ്ക്ക് ശേഷം വിദ്യാലയങ്ങളിൽ തിരികെയെത്തുന്ന വിദ്യാർത്ഥികൾ അവർക്ക് COVID-19 രോഗലക്ഷണങ്ങൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇവർക്ക് അൽ ഹൊസൻ ആപ്പിലെ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.

ദുബായിലെ വിദ്യാലയങ്ങളുടെ ഈദുൽ ഫിത്ർ അവധിദിനങ്ങൾ സംബന്ധിച്ച് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) നേരത്തെ അറിയിപ്പ് പുറത്തിറക്കിയിരുന്നു.