ഈദുൽ അദ്ഹ അവധിദിനങ്ങളിൽ തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
SEHA-യുടെ കീഴിൽ അബുദാബി, അൽ ഐൻ, നോർത്തേൺ എമിറേറ്റുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങൾ ജൂലൈ 19-ന് സാധാരണ സമയക്രമം പാലിച്ച് സേവനങ്ങൾ നൽകുന്നതാണ്. ജൂലൈ 20 മുതൽ ജൂലൈ 23 വരെ ഈ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ 10 മുതൽ രാത്രി 8 വരെ സേവനങ്ങൾ ലഭിക്കുന്നതാണ്. ജൂലൈ 24 മുതൽ ഈ കേന്ദ്രങ്ങൾ സാധാരണ സമയക്രമത്തിൽ പ്രവർത്തിക്കുന്നതാണ്. അൽ ദഫ്‌റ മേഖലയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ കേന്ദ്രത്തിൽ നിന്ന് ജൂലൈ 19 മുതൽ 23 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ സേവനങ്ങൾ ലഭിക്കുന്നതാണ്.
ADNEC, അൽ മഫ്‌റഖ് ഹോസ്പിറ്റൽ, സായിദ് പോർട്ട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന COVID-19 പ്രൈം അസ്സസ്മെന്റ് സെന്ററുകൾ ദിനവും രാവിലെ 8 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതാണ്. അൽ ദഫ്‌റയിലെ COVID-19 പ്രൈം അസ്സസ്മെന്റ് സെന്റർ ദിനവും രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്നതാണ്. സായിദ് പോർട്ട്, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ ദഫ്‌റ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങൾ ജൂലൈ 19 മുതൽ 22 വരെ പ്രവർത്തിക്കുന്നതല്ല. ഇവ ജൂലൈ 23 മുതൽ സേവനങ്ങൾ നൽകുന്നതാണ്.
SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ നിന്ന് അടിയന്തിര സേവനങ്ങൾ അവധി ദിനങ്ങളിലും 24 മണിക്കൂറും ലഭ്യമാക്കുന്നതാണ്. ക്ലിനിക്കുകൾ അവധിദിനങ്ങളിൽ പ്രവർത്തിക്കുന്നതല്ല. ഇവ അവധിക്ക് ശേഷം ജൂലൈ 25 മുതൽ സേവനങ്ങൾ നൽകുന്നതാണ്. SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ അവധിദിനങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെയും, വൈകീട്ട് 5 മുതൽ 7 വരെയും സന്ദർശകരെ അനുവദിക്കുന്നതാണ്.
WAM