അബുദാബി: IUCN മാനദണ്ഡങ്ങൾക്കനുസൃതമായി ആവാസവ്യവസ്ഥയുടെ വിലയിരുത്തൽ പൂർത്തിയാക്കി; മേഖലയിലെ ആദ്യ നഗരം

UAE

ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (IUCN) മാനദണ്ഡങ്ങൾക്കനുസൃതമായി അബുദാബി അതിന്റെ ഭൗമ, സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തൽ വിജയകരമായി പൂർത്തിയാക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി പരിസ്ഥിതി ഏജൻസിയാണ് (EAD) ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കിയത്. ഇതോടെ ഇത്തരത്തിൽ ആവാസവ്യവസ്ഥയുടെ വിലയിരുത്തൽ പൂർത്തിയാക്കുന്ന മേഖലയിലെ ആദ്യ നഗരമായി അബുദാബി മാറി.

EAD-യുടെ അബുദാബി അസസ്‌മെന്റ് പ്രോജക്റ്റിന്റെ ഭാഗമായുള്ള അബുദാബി റെഡ് ലിസ്റ്റ് ഓഫ് ഇക്കോസിസ്റ്റംസിന് കീഴിലാണ് ഈ മേഖലയിലെ പരിസ്ഥിതി വ്യവസ്ഥകളുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.

“നമ്മുടെ മേഖലയിൽ ഇത്തരത്തിലുള്ള ആദ്യ വിലയിരുത്തൽ എന്ന നിലയിൽ, അബുദാബി റെഡ് ലിസ്റ്റ് ഓഫ് ഇക്കോസിസ്റ്റംസ് ആഗോള പങ്കാളികളുമായുള്ള ഞങ്ങളുടെ സഹകരണ ശ്രമങ്ങളുടെ ശ്രദ്ധേയമായ തെളിവായി നിലകൊള്ളുന്നു. IUCN-ന്റെ പദ്ധതികളും, അതിന്റെ വിജ്ഞാന ഉൽപ്പന്നങ്ങളും വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് പിന്തുണ നൽകുന്നു.”, EAD സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ദഹേരി വ്യക്തമാക്കി.

“സംരക്ഷിത മേഖലകളുടെ ശൃംഖല വിപുലീകരിക്കാനുള്ള ഞങ്ങളുടെ പദ്ധതികളിൽ വംശനാശഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളെ തിരിച്ചറിയുകയും മുൻഗണന നൽകുകയും ചെയ്തുകൊണ്ട് എമിറേറ്റിലെ വംശനാശഭീഷണി നേരിടുന്ന ആവാസവ്യവസ്ഥകളെയും ആവാസവ്യവസ്ഥകളെയും ഫലപ്രദമായി സംരക്ഷിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് അബുദാബി റെഡ് ലിസ്റ്റ് ഇക്കോസിസ്റ്റം കരുത്ത് പകരും. “, അവർ അറിയിച്ചു. ഈ വർഷം ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ശ്രമങ്ങൾക്ക് ഇത് പിൻതുണ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.

അബുദാബിയിൽ നടത്തിയ ഈ വിലയിരുത്തലിൽ പർവതങ്ങളും മലനിരകളും, തീരസമതലങ്ങളും, കണ്ടൽക്കാടുകളും, ഉപ്പുചതുപ്പുകളും, പവിഴപ്പുറ്റുകളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥകൾ ഏറ്റവും അപകടകരമായ ഭീഷണി നേരിടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അവയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ്, ഈ ആവാസവ്യവസ്ഥകളിൽ പലതും EAD നിയന്ത്രിക്കുന്ന സംരക്ഷിത പ്രദേശങ്ങളുടെ ശൃംഖലയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്.

WAM