എമിറേറ്റിലെ കൂടുതൽ പാർക്കുകളും ബീച്ചുകളും പൊതു ജനങ്ങൾക്കായി, കൊറോണ വൈറസ് പ്രതിരോധ മുൻകരുതലുകളോടെ, തുറന്നു കൊടുക്കാനുള്ള നടപടികൾ പൂർത്തിയായതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) പ്രഖ്യാപിച്ചു. കർശനമായ ആരോഗ്യ സുരക്ഷാ നിർബന്ധനകൾ പാലിച്ചായിരിക്കും ഇവ തുറന്നു കൊടുക്കുക. ജൂലൈ 3 മുതൽ ഏതാനം പാർക്കുകളും ബീച്ചുകളും DMT തുറന്നു കൊടുത്തിരുന്നു.
ജൂലൈ 16, വ്യാഴാഴ്‌ച്ചയാണ് DMT ഇത് സംബന്ധിച്ച അറിയിപ്പുകൾ പുറത്തിറക്കിയത്. അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്‌റ എന്നിവിടങ്ങളിലെ പാർക്കുകളും ബീച്ചുകളുമാണ് തുറന്നു കൊടുക്കാൻ തയ്യാറായിട്ടുള്ളത്. തുറക്കുന്ന പാർക്കുകളിലും, ബീച്ചുകളിലും പരമാവധി ശേഷിയുടെ 40% പേർക്ക് മാത്രമാണ് ഒരേസമയം പ്രവേശനം നൽകുന്നത്.
പാർക്കുകളിലും, ബീച്ചുകളിലും പ്രവേശിക്കുന്നതിന് മുൻപ് തെർമൽ സംവിധാനങ്ങളിലൂടെ സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സന്ദർശകർ നിർബന്ധമായും മാസ്കുകൾ ധരിക്കേണ്ടതും, 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതുമാണ്. ഇത്തരം ഇടങ്ങളിൽ 4 പേരിൽ കൂടുതൽ ഒത്തുചേരുന്നതിനു അനുവാദം ഉണ്ടായിക്കുകയില്ല.
പുതിയതായി തുറന്ന് കൊടുക്കുന്ന പാർക്കുകൾ, ബീച്ചുകൾ:
- ഡെൽമ പാർക്ക്, അബുദാബി
- ഷരീയ പാർക്ക്, അബുദാബി
- ഘാതം പാർക്ക്, അബുദാബി
- വത്ബ പാർക്ക്, അബുദാബി
- റബ്ദാൻ പാർക്ക്, അബുദാബി
- ഷഹാമ പാർക്ക് 1, അബുദാബി
- ഗ്രീൻ മുബാസറ, അൽ ഐൻ
- അൽ മിർഫ പാർക്ക്, അൽ ദഫ്‌റ
- സയ്ദ് അൽ ഖൈർ പാർക്ക്, അൽ ദഫ്‌റ
- അൽ ബതീൻ ബീച്ച്, അബുദാബി
അബുദാബിയിലെ ഉമ്മുൽ എമറാത്ത് പാർക്ക്, ഖലീഫ പാർക്ക്, അൽ ഐനിലെ അൽ സുലൈമി പാർക്ക്, അൽ ദഫ്‌റയിലെ മദീനത്ത് സായിദ്, അബുദാബിയിലെ ഹുദൈരിയത് ബീച്ച്, കോർണിഷ് ബീച്ച്, അൽ ദഫ്‌റയിലെ അൽ മിർഫ ബീച്ച് എന്നിവയാണ് ജൂലൈ 3 മുതൽ തുറന്ന് കൊടുത്തിട്ടുള്ളത്.