മ്യൂസിയങ്ങളിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിനും, വിജ്ഞാനം പങ്കിടുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനുമായുള്ള ധാരണാപത്രത്തിൽ അബുദാബി, ഫുജൈറ ടൂറിസം വകുപ്പുകൾ ഒപ്പ് വെച്ചു. അബുദാബിയിലെ സാംസ്കാരിക വിനോദസഞ്ചാര വകുപ്പും (DCT അബുദാബി) ഫുജൈറ ടൂറിസം ആൻറിക്വിറ്റീസ് ഡിപ്പാർട്ട്‌മെൻ്റുമാണ് ഈ ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു എമിറേറ്റുകളിലെയും ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനും, സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.
DCT അബുദാബി അണ്ടർ സെക്രട്ടറി സൗദ് അബ്ദുൽ അസീസ് അൽ ഹൊസാനിയും ഫുജൈറ ടൂറിസം ആൻഡ് പുരാവസ്തു വകുപ്പിൻ്റെ ജനറൽ ഡയറക്ടർ സയീദ് അൽ സമാഹിയുമാണ് ഈ പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചത്.
വിജ്ഞാനം, വൈദഗ്ധ്യം എന്നിവ കൈമാറ്റം ചെയ്യുക, സംയുക്ത പരിശീലന പരിപാടികൾ വികസിപ്പിക്കുക, വിപണന-പ്രമോഷണൽ പ്രവർത്തനങ്ങളിലൂടെ പ്രാദേശിക, ആഗോള തലങ്ങളിലെ വിനോദസഞ്ചാരികളെ ആകർഷിക്കുക തുടങ്ങിയവയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. അബുദാബിയിലെയും ഫുജൈറയിലെയും സാംസ്കാരിക പൈതൃകത്തെ പ്രോത്സാഹിപ്പിക്കുക, പുരാവസ്തുക്കളും കലാസൃഷ്ടികളും കൈമാറ്റം ചെയ്യുക, ചരിത്രത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ആഴത്തിലുള്ള ധാരണ നൽകുക തുടങ്ങിയവയും ഇതിന്റെ ലക്ഷ്യങ്ങളാണ്.
ഈ ധാരണാപത്രം സംയുക്ത പരിപാടികളിലൂടെയും പ്രമോഷനുകളിലൂടെയും രണ്ട് എമിറേറ്റിലെയും മ്യൂസിയങ്ങൾ തമ്മിലുള്ള സഹകരണം സാധ്യമാക്കുമെന്ന് അൽ ഹൊസാനി പറഞ്ഞു. ഇരു എമിറേറ്റുകളുടെയും സമ്പന്നമായ കലാ-സാംസ്കാരിക പൈതൃകം ഉയർത്തിക്കാട്ടുന്നത് ദേശീയ സ്വത്വത്തിൽ അഭിമാനം വളർത്തുകയും സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ധാരണാപത്രം സഹകരണം ശക്തിപ്പെടുത്തുകയും ഫുജൈറയുടെ ചരിത്രപരവും സാംസ്കാരികവുമായ സമ്പന്നതയിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുവെന്ന് അൽ സമാഹി പറഞ്ഞു. ഈ സഹകരണം യുഎഇയിലെ എല്ലാ എമിറേറ്റുകൾക്കും ടൂറിസം അനുഭവങ്ങൾ കൈമാറുന്നതിനും പുത്തൻ രീതികൾ പര്യവേക്ഷണം ചെയ്യുന്നതിനും പുതിയ സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM