അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിന്റെ ആദ്യ പതിപ്പ് 2024 മെയ് 13, തിങ്കളാഴ്ച ആരംഭിക്കും. അബുദാബി മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മെയ് 13-ന് ആരംഭിക്കുന്ന അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് മെയ് 15 വരെ നീണ്ട് നിൽക്കും. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് സംഘടിപ്പിക്കുന്ന ഈ പരിപാടി ആഗോള ആരോഗ്യ പരിചരണ മേഖലയുടെ ഭാവി ത്വരിതപ്പെടുത്തുക എന്ന ആശയം ഉൾക്കൊണ്ടാണ് ഒരുക്കുന്നത്. ആരോഗ്യ പരിചരണ മേഖലയിലെ പ്രമുഖ കമ്പനികൾ, ഗവേഷകർ, നയരൂപീകരണം സംബന്ധിച്ച തീരുമാനമെടുക്കുന്ന പദവികളിലുള്ള വ്യക്തികൾ, നിക്ഷേപകർ, വ്യവസായികൾ തുടങ്ങിയവർ അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്കിൽ പങ്കെടുക്കും.
ആരോഗ്യ, ജീവ ശാസ്ത്ര മേഖലകളുടെ ഭാവി ത്വരിതപ്പെടുത്തുന്നതിനൊപ്പം ഭാവിയിലെ ഈ മേഖലകളിലെ പ്രതിബന്ധങ്ങളെ ഇന്ന് തന്നെ തിരിച്ചറിയുന്നതിനും, അവയ്ക്ക് ആവശ്യമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും ഈ സമ്മേളനം പ്രതിജ്ഞാബദ്ധമാണ്. പ്യുവർഹെൽത്ത്, ജോൺസൻ ആൻഡ് ജോൺസൻ, മൈക്രോസോഫ്ട്, ബുർജീൽ ഹോൾഡിങ്‌സ്, ജിഎസ്കെ, നൊവാർട്ടീസ്, വിയട്രിസ്, സനോഫി തുടങ്ങിയ വിവിധ കമ്പനികൾ ഈ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.
ഹെൽത്ത് ലീഡേഴ്‌സ് ഫോറം, ഫ്യുചർ ഹെൽത്ത് സമ്മിറ്റ്, യങ്ങ് ലീഡേഴ്‌സ് ഇനിഷിയേറ്റീവ്, അബുദാബി ഗ്ലോബൽ ഹെൽത്ത്കെയർ വീക്ക് എക്സിബിഷൻ തുടങ്ങിയ വിവിധ പരിപാടികൾ ഇതിന്റെ ഭാഗമായി അരങ്ങേറുന്നതാണ്.
Cover Image: Abu Dhabi Media Office.