എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾ, ചാർട്ടർ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവയിൽ അടുത്ത അദ്ധ്യായനകാലം മുതൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതൽ നടപടികൾ സംബന്ധിച്ച് അബുദാബി അധികൃതർ അറിയിപ്പ് നൽകി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജാണ് (ADEK) ഈ നിർദ്ദേശങ്ങൾ നൽകിയത്.
താഴെ പറയുന്ന കാര്യങ്ങളാണ് ADEK ഇതുമായി ബന്ധപ്പെട്ട് അറിയിച്ചിരിക്കുന്നത്:
- അടുത്ത ടെം മുതൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾ, ചാർട്ടർ സ്‌കൂളുകൾ, നഴ്‌സറികൾ എന്നിവയിലെ മുഴുവൻ വിദ്യാർത്ഥികളും നേരിട്ടുള്ള അധ്യയനത്തിനായി വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതാണ്. ഇതിൽ 16 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികളും ഉൾപ്പെടുന്നു.
- ഉയർന്ന രോഗസാധ്യതയുള്ള അസുഖങ്ങളുള്ളവർ, COVID-19 രോഗലക്ഷണങ്ങളുള്ളവർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് വിദൂര പഠന രീതി തുടരാൻ അനുമതി. കൊറോണ വൈറസ് വ്യാപനം മൂലം സ്‌കൂളുകൾ താത്‌കാലികമായി അടച്ചിടേണ്ടിവരുന്ന സാഹചര്യത്തിലും വിദൂര പഠന രീതി തുടരുന്നതാണ്.
- അടുത്ത ടെം മുതൽ സ്‌കൂളുകളിൽ (ഇൻഡോറിലും, ഔട്ഡോറിലും) സാമൂഹിക അകലം നിർബന്ധമല്ല.
- അധ്യാപകർ, ജീവനക്കാർ, 16 വയസിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾ എന്നീ വിഭാഗങ്ങൾക്ക് ഓരോ 14 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് അൽ ഹൊസൻ ഗ്രീൻ പാസും നിർബന്ധമാണ്.
- 16 വയസിന് മുകളിൽ പ്രായമുള്ള വാക്സിനെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഓരോ 7 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്.
- 16 വയസിന് താഴെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് ഓരോ 30 ദിവസം തോറും PCR ടെസ്റ്റ് നിർബന്ധമാണ്. ഇവർക്ക് ഇതിന് പകരം അൽ ഹൊസൻ ഗ്രീൻ പാസ് ഉപയോഗിക്കാവുന്നതാണ്.
- സ്‌കൂളുകളിലെത്തുന്ന സന്ദർശകർക്ക് അൽ ഹൊസൻ ഗ്രീൻ പാസ് നിർബന്ധമാണ്. വാക്സിനെടുക്കാത്തവർക്ക് 48 മണിക്കൂറിനിടയിൽ ലഭിച്ച PCR റിസൾട്ട് ഉപയോഗിച്ചും പ്രവേശിക്കാവുന്നതാണ്.
- സ്‌കൂളുകളിൽ COVID-19 രോഗവ്യാപനം കണ്ടെത്തുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങൾ 3 ദിവസം അടച്ചിടുന്നതാണ്.