അബുദാബി: റമദാൻ മാസത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

GCC News

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി. അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ എന്നിവരുമായി സംയുക്തമായാണ് കമ്മിറ്റി സാമൂഹിക ചടങ്ങുകൾ, മതപരമായ ചടങ്ങുകൾ, ഷോപ്പിംഗ് തുടങ്ങി വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഈ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.

ഏപ്രിൽ 8-നാണ് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് അധികൃതർ ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്കെതിരെ അറ്റോർണി ജനറൽ തലത്തിൽ നടപടികൾ സ്വീകരിക്കുന്നതാണ്.

COVID-19 സുരക്ഷയുമായി ബന്ധപ്പെട്ട് കമ്മിറ്റി നൽകിയിട്ടുള്ള പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ:

  • പൊതു ഇടങ്ങളിൽ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. പെട്ടന്ന് രോഗം പകരാൻ ഇടയുള്ള രോഗപ്രതിരോധ ശേഷി തീരെ കുറഞ്ഞവരുമായി സമ്പർക്കം പുലർത്തുമ്പോൾ നിർബന്ധമായും മാസ്കുകൾ ഉപയോഗിക്കേണ്ടതാണ്.
  • തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായ, മൂക്ക് എന്നിവ ഒരു ടിഷ്യു ഉപയോഗിച്ച് മറയ്ക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഈ ടിഷ്യു കൃത്യമായി നിർമ്മാർജ്ജനം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.
  • ആളുകൾ എപ്പോഴും സ്പർശിക്കുന്ന ഇടങ്ങൾ കൃത്യമായി അണുവിമുക്തമാക്കേണ്ടതാണ്.
  • കൈകൾ ശുചിയാക്കുന്നതിന് മുൻപായി കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങൾ സ്പർശിക്കുന്നത് ഒഴിവാക്കണം.
  • കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • എപ്പോഴും 2 മീറ്റർ സാമൂഹിക അകലം ഉറപ്പാക്കേണ്ടതാണ്.

മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • COVID-19 രോഗബാധിതർ നോമ്പെടുക്കുന്നതിന് മുൻപായി ഒരു ഡോക്ടറുമായി കൂടിയാലോചിക്കേണ്ടതാണ്.
  • സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പള്ളികളിൽ ആളുകൾ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ അനുവദിക്കുന്നതാണ്. ഇശാ, താറാവിഹ് പ്രാർത്ഥനകൾക്ക് 30 മിനിറ്റ് സമയമാണ് പള്ളികളിൽ അനുവദിക്കുന്നത്.
  • സകാത്ത് നൽകുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കേണ്ടതാണ്.
  • ഇഫ്താർ, സുഹുർ എന്നിവയ്ക്കായി ഒരു കുടുംബത്തിലെ ഒരേ വീട്ടിൽ തന്നെ താമസിക്കുന്നവർക്ക് മാത്രമാണ് ഒത്ത് ചേരാൻ അനുമതി നൽകിയിട്ടുള്ളത്.
  • പൊതുഇടങ്ങളിലും, പള്ളികളിലും, വീടുകളിലും, ഭക്ഷണശാലകളിലും അവയുടെ പരിസരങ്ങളിലും ഇഫ്താർ ഭക്ഷണ വിതരണം അനുവദിക്കുന്നതല്ല. പ്രത്യേക അനുമതി നൽകിയിട്ടുള്ള സംഘടനകൾക്ക് മാത്രമാണ് ഇതിന് അനുമതി.
  • മതപരമായ പഠനപരിപാടികൾ, പ്രഭാഷണം മുതലായവ ഡിജിറ്റൽ രൂപത്തിൽ മാത്രമാണ് അനുവദിക്കുന്നത്.

സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കമ്മിറ്റി നൽകിയിട്ടുള്ള COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:

  • റമദാനിൽ പരസ്പരം ആശംസകൾ അറിയിക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തേണ്ടതാണ്. ഇത്തരം കാര്യങ്ങൾക്കായുള്ള ഒത്ത് ചേരലുകൾ ഒഴിവാക്കേണ്ടതാണ്.
  • വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഇഫ്താർ ടെന്റുകൾ ഒരുക്കുന്നതിന് അനുമതിയില്ല.
  • ഷോപ്പിംഗിനായി കഴിയുന്നതും ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നത് ആൾത്തിരക്ക് ഒഴിവാക്കാൻ സഹായിക്കുന്നതാണ്.
  • എളുപ്പത്തിൽ രോഗം ബാധിക്കാൻ സാധ്യതയുള്ളവർ എല്ലാത്തരത്തിലുള്ള ഒത്ത് ചേരലുകളിൽ നിന്നും വിട്ട് നിൽക്കേണ്ടതാണ്.
  • ആളുകൾ വലിയ രീതിയിൽ ഒത്ത് ചേരുന്നതും, സാമൂഹിക സന്ദർശങ്ങൾ, ഇഫ്താർ സംഗമങ്ങൾ മുതലായവ സംഘടിപ്പിക്കുന്നതിനും അനുമതിയില്ല.
  • ബന്ധുക്കൾ, അയൽവാസികൾ, സ്നേഹിതർ എന്നിവർ തമ്മിൽ ഭക്ഷണപദാർത്ഥങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതിയില്ല.
  • റമദാനിൽ രാത്രിസമയങ്ങളിൽ മജ്‌ലിസുകളിൽ ഒത്ത് ചേരുന്നത് ഒഴിവാക്കേണ്ടതാണ്.

ഷോപ്പിംഗുമായി ബന്ധപ്പെട്ട് കമ്മിറ്റി നൽകിയിട്ടുള്ള COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ:

  • ഗ്രോസറി സ്റ്റോറുകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കഴിയുന്നതും ഒഴിവാക്കേണ്ടതാണ്. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ ഇത്തരം യാത്രകൾക്കായി തിരക്കൊഴിഞ്ഞ നേരങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • വാണിജ്യ കേന്ദ്രങ്ങളിലെ ട്രോളികളുടെ ഹാൻഡിൽ സ്പർശിക്കുന്നതിന് മുൻപായി അവ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. വ്യാപാര ശാലകളിൽ നിങ്ങൾ വാങ്ങാൻ ഉദ്ദേശമില്ലാത്ത സാധനങ്ങൾ കൈകൾ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • പണമിടപാടുകൾക്കായി കഴിയുന്നതും ഡിജിറ്റൽ രീതികൾ പിന്തുടരേണ്ടതാണ്.
  • രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി പോഷക സമ്പുഷ്ടമായതും, ആരോഗ്യപരമായതുമായ ആഹാരശീലങ്ങൾ പാലിക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
  • കഴിയുന്നതും ഓൺലൈൻ ഷോപ്പിംഗ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കേണ്ടതാണ്.
  • വീടുകളിലെത്തിയ ശേഷം വാങ്ങിച്ച സാധനങ്ങൾ ടിഷ്യു ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നിവർ ഇത്തരം ഷോപ്പിംഗ് യാത്രകൾ ഒഴിവാക്കേണ്ടതാണ്.