പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി, ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പള്ളികളിൽ നടപ്പിലാക്കുന്ന പ്രതിരോധ നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി. ജൂലൈ 16-ന് രാത്രിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്തുമായി ചേർന്നാണ് കമ്മിറ്റി ഈ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. ഈ അറിയിപ്പ് പ്രകാരം അബുദാബിയിലെ പള്ളികളിൽ ഈദുൽ അദ്ഹ പ്രാർത്ഥനകളുമായി ബന്ധപ്പെട്ട് താഴെപറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതാണ്:
- പന്ത്രണ്ട് വയസിന് താഴെ പ്രായമുള്ള കുട്ടികൾ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത അസുഖങ്ങളുള്ളവർ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പൊതു ഈദ് പ്രാർത്ഥനകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
- COVID-19 രോഗബാധിതർക്കൊപ്പം താമസിക്കുന്നവർ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവർ, COVID-19 രോഗബാധിതരുമായി സമ്പർക്കത്തിനിടയായവരോടൊപ്പം താമസിക്കുന്നവർ എന്നീ വിഭാഗങ്ങൾക്കും ഈ നിയന്ത്രണം ബാധകമാണ്.
- പൊതു ഈദ് പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർ ഹസ്തദാനം, ആലിംഗനം മുതലായ ആശംസാ രീതികൾ ഒഴിവാക്കേണ്ടതാണ്.
- സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം തുടങ്ങിയ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ഈ വർഷത്തെ ഈദുൽ അദ്ഹ വേളയിൽ എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് അബുദാബി ഗവണ്മെന്റ് മീഡിയ ഓഫീസ് അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.