അബുദാബി: മവാഖിഫ് വരിക്കാർക്ക് എമിറേറ്റിലെ എല്ലാ ബഹുനില പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് അനുമതി നൽകിയതായി ITC

UAE

എമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് രജിസ്റ്റർ ചെയ്ത് വരിക്കാരായിട്ടുള്ള വാഹന ഉടമകൾക്ക് അബുദാബിയിലെ എല്ലാ ഇത്തരം പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കാമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ITC) അറിയിച്ചു. നിലവിൽ ഈ സേവനത്തിനായി വരിസംഖ്യ അടച്ചിട്ടുള്ളവർക്ക്, അധിക ചാർജുകൾ ഒന്നും ഈടാക്കാതെയാണ് അബുദാബിയിലെ ഏഴ് ബഹുനില പാർക്കിംഗ് സംവിധാനങ്ങളും ഉപയോഗിക്കുന്നതിന് ITC അനുമതി നൽകിയിരിക്കുന്നത്.

പൊതു പാർക്കിംഗ് ഇടങ്ങളിലെ തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ITC വ്യക്തമാക്കി. അബുദാബിയിൽ ഇത്തരത്തിൽ ഏഴ് ബഹുനില പാർക്കിംഗ് സംവിധാനങ്ങളാണ് നിലവിലുള്ളത്. ഇതിൽ ആകെ 3788 പാർക്കിംഗ് ഇടങ്ങൾ ലഭ്യമാണ്. ഇതിൽ 182 പാർക്കിംഗ് സ്പോട്ടുകൾ സ്ത്രീകൾക്കും, 31 സ്പോട്ടുകൾ ശാരീരിക വൈകല്യങ്ങളുള്ളവർക്കുമായി പ്രത്യേകം മാറ്റിവെച്ചിട്ടുള്ളവയാണ്. ഇത്തരം പാർക്കിംഗ് സംവിധാനങ്ങളിൽ 16 പാർക്കിംഗ് സ്പോട്ടുകളിൽ ഹൈബ്രിഡ് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

അബുദാബിയിലെ ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾ:

എമിറേറ്റിലെ ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിന് വരിക്കാരാകുന്നതിനായി http://itc.gov.ae എന്ന വെബ്സൈറ്റിലൂടെയോ, ADM അല്ലെങ്കിൽ TAMM കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങളിലൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. വാർഷികാടിസ്ഥാനത്തിൽ ഈ സേവനം ലഭിക്കുന്നതിന് 5475 ദിർഹമാണ് ITC ഈടാക്കുന്നത്. മൂന്ന് മാസത്തെ രജിസ്ട്രേഷന് 1369 ദിർഹം, ആറ് മാസത്തേക്ക് 2738 ദിർഹം എന്നീ രീതിയിലും ഈ സേവനം ലഭ്യമാണ്.

Cover Image: WAM