2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിലെ സ്‌കൂൾ ഗതാഗത സുരക്ഷ ശക്തിപ്പെടുത്താനുള്ള നടപടികൾ അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി, സ്കൂൾ ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഏറ്റവും ഉയർന്ന സുരക്ഷയും ഭദ്രതയും നൽകുന്നതിനുള്ള നിരവധി സംരംഭങ്ങളാണ് ITC നടപ്പിലാക്കിയിരിക്കുന്നത്.
“നിങ്ങളുടെ സുരക്ഷയ്‌ക്കായി” എന്ന പ്രചാരണ പരിപാടിയുടെ ഭാഗമായി “നിങ്ങളുടെ കുട്ടികൾ സുരക്ഷിതമായ കൈകളിലാണ്” എന്ന പേരിൽ ITC നടപ്പിലാക്കുന്ന ഈ നടപടികൾ എമിറേറ്റിലെ 155,000 വിദ്യാർത്ഥികൾക്ക് സുരക്ഷിതവും, സുഗമവുമായ ഗതാഗതം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു. ഇതിനായി സ്കൂൾ ബസ് ഡ്രൈവർമാരും സൂപ്പർവൈസർമാരും ഓപ്പറേറ്റർമാരും സ്കൂൾ ട്രാൻസ്പോർട്ട് ബസുകൾക്ക് നിശ്ചയിച്ചിട്ടുള്ള എല്ലാ ആവശ്യകതകളും ചട്ടങ്ങളും പൂർണ്ണമായും പാലിക്കണമെന്ന് ITC ഊന്നിപ്പറഞ്ഞിട്ടുണ്ട്.
വാഹനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും, വേഗപരിധിയും നിയുക്ത ബസ് റൂട്ടുകളും പാലിക്കുന്നതിനും, അഞ്ച് മീറ്ററിൽ കുറയാത്ത അകലത്തിൽ ബസിന്റെ ഇരുവശങ്ങളിലും എല്ലാ വാഹനങ്ങൾക്കും പൂർണ്ണ സ്റ്റോപ്പ് നിർദ്ദേശിക്കുന്ന സൈഡ് മൗണ്ട് ചെയ്‌ത “സ്റ്റോപ്പ്” ചിഹ്നത്തിന്റെ ശരിയായ ഉപയോഗത്തിനും വേണ്ടി വാഹനത്തിന്റെ ദൈനംദിന അറ്റകുറ്റപ്പണികൾ നടത്തേണ്ടത് ബസ് ഡ്രൈവർമാരുടെ ഉത്തരവാദിത്തമാണെന്ന് ITC വ്യക്തമാക്കി.
വിദ്യാർത്ഥികൾ റോഡുകളും തെരുവുകളും മുറിച്ചുകടക്കുമ്പോൾ ബസ് ഡ്രൈവർമാർ ഫ്ലാഷർ ലൈറ്റുകൾ ഉപയോഗിക്കേണ്ടതാണ്. സ്‌കൂൾ ബസിന്റെ ഇടതുവശത്ത് ഘടിപ്പിച്ച “സ്റ്റോപ്പ്” ചിഹ്നം ഉപയോഗിക്കുമ്പോൾ മറ്റു വാഹനങ്ങൾ നിർത്താതിരിക്കുന്നത് നിയമലംഘനമാണെന്നും, ഇത്തരം ലംഘനങ്ങൾക്ക് 1,000 ദിർഹം പിഴയും പത്ത് ട്രാഫിക് പോയിന്റുകളും ചുമത്തുമെന്നും ITC ചൂണ്ടിക്കാട്ടി. ഇത്തരം ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണങ്ങൾ ശക്തമാക്കുമെന്നും ITC കൂട്ടിച്ചേർത്തു.
ബസ് സൂപ്പർവൈസർമാർ ഒരു വിദ്യാർത്ഥിയെയും നിയുക്ത സ്ഥലങ്ങളിലല്ലാതെ വാഹനത്തിൽ നിന്ന് ഇറങ്ങാൻ അനുവദിക്കരുതെന്ന് ITC വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുമായുള്ള ഓരോ യാത്രകൾക്ക് ശേഷവും സ്‌കൂൾ ബസുകളിൽ വിദ്യാർത്ഥികൾ അവശേഷിക്കുന്നില്ലെന്ന് ബസ് സൂപ്പർവൈസർമാർ ഉറപ്പാക്കേണ്ടതാണ്. എല്ലാ വിദ്യാർത്ഥികളും സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും, ബസിൽ എല്ലായ്‌പ്പോഴും പ്രഥമശുശ്രൂഷ കിറ്റിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, 11 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികളെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ച് അവരുടെ രക്ഷിതാക്കളുടെ അടുക്കൽ സുരക്ഷിതമായി എത്തിക്കുന്നതിനും സൂപ്പർവൈസർമാർക്ക് ഉത്തരവാദിത്തമുണ്ട്.
11 വയസ്സിന് താഴെയുള്ള ഓരോ വിദ്യാർത്ഥിയുടെയും രക്ഷിതാവ് ബസ് എത്തുന്ന സ്ഥലത്ത് ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തമാണെന്ന് ITC ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുരക്ഷാ നിബന്ധനകളെക്കുറിച്ചും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ അറിയിക്കുകയും ഉപദേശിക്കുകയും ചെയ്യേണ്ടത് ബസ് സൂപ്പർവൈസറുടെ ഉത്തരവാദിത്തമാണ്.
വിദ്യാർത്ഥികളുടെ ആരോഗ്യവും സുരക്ഷയും നിലനിർത്തുന്നതിനുള്ള പൊതു നടപടികളുടെ ഭാഗമായി സ്കൂൾ ബസുകൾ പതിവായി അണുവിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയും ITC ഊന്നിപ്പറഞ്ഞു. ബസ് ഡ്രൈവർമാരിൽ നിന്നുള്ള എന്തെങ്കിലും നിയമലംഘനങ്ങൾ, അല്ലെങ്കിൽ സ്കൂൾ ബസുകളുടെ സുരക്ഷയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ അബുദാബി ഗവൺമെന്റ് കോൾ സെന്ററിൽ 800555 എന്ന നമ്പറിൽ വിളിച്ച് അറിയിക്കണമെന്നും ITC രക്ഷിതാക്കളോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി അബുദാബി പോലീസ് റോഡുകളിൽ ട്രാഫിക് പട്രോളിംഗ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
WAM