എമിറേറ്റിലെ പൊതുജനങ്ങൾക്ക് കൂടുതൽ സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നത് ലക്ഷ്യമിടുന്ന ഓട്ടോമേറ്റഡ് റാപിഡ് ട്രാൻസ്‌പോർട്ട് (ART) പദ്ധതി അബുദാബി ഐലൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. 2023 ഒക്ടോബർ 12-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ ഈ സേവനം യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിൽ ലഭ്യമാക്കിയിരുന്നു. നിലവിൽ ഈ പദ്ധതിയുടെ പൈലറ്റ് ഘട്ടം അൽ റീം മാൾ മുതൽ മറീന മാൾ വരെ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് അബുദാബി നഗരത്തിൽ ആരംഭിച്ചിരിക്കുന്നത്.
സായിദ് ദി ഫസ്റ്റ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവിടങ്ങളിലൂടെ കടന്ന് പോകുന്ന രീതിയിലാണ് അബുദാബി ഐലൻഡിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി 27 കിലോമീറ്റർ നീളത്തിൽ 25 സ്റ്റേഷനുകൾ ഉപയോഗിച്ചാണ് ഈ സേവനം നൽകുന്നത്.
ആദ്യ ഘട്ടത്തിൽ വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. സ്മാർട്ട് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായാണ് അബുദാബി ART പദ്ധതി നടപ്പിലാക്കുന്നത്. പൂർണ്ണമായും ശീതീകരിച്ച മൂന്ന് കാരിയേജുകളുള്ള ഇലക്ട്രിക് വാഹനമാണ് ART പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. ഓരോ യാത്രയിലും 200 പേർക്ക് വീതം ഈ വാഹനത്തിൽ സഞ്ചരിക്കാവുന്നതാണ്.
Cover Image: Abu Dhabi Media Office.